പാലാ: കേ.കോൺ.(എം) ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയും പിന്നീട് പി.ജെ.ജോസഫിനൊപ്പമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്ങ്മൂലം നൽകുകയും ചെയ്ത ജനപ്രതിനിധികളും പാർട്ടി വിട്ട് മറുചേരികളിൽ അഭയം തേടിയവർക്കും അയോഗ്യത ഉണ്ടാവുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അയോഗ്യരല്ലാതാവണമെങ്കിൽ ജോസ്.കെ.മാണിക്ക് കൂറു പ്രഖ്യാപിക്കേണ്ടിവരും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ്.കെ.മാണി ചെയർമാനായ കേരാളാ കോൺഗ്രസ് എം നെ അംഗീകരിച്ച ഉത്തരവ് വന്നതോടെ പാർട്ടിയിൽ നിന്നും വിട്ടുനിന്ന നിരവധി ത്രിതല പഞ്ചായത്ത് അംഗങ്ങൾ പിന്തുണയുമായി ജോസ്.കെ.മാണിയുടെ മുമ്പിൽ എത്തിയിരുന്നു. തെറ്റിദ്ധാരണകളുടെയും പ്രലോഭനങ്ങളിലൂടെയും പാർട്ടി വിട്ടവർക്ക് ഉപാധികളില്ലാതെ തിരികെവരാൻ അവസരം നൽകുവാനാണ് ധാരണ. പിന്തുണ പ്രഖ്യാപിക്കാത്തവരെ അയോഗ്യരാക്കാൻ നിയമനടപടിയുമുണ്ടാവും. ഇതിനു മുമ്പായി അതാതു സ്ഥാപനങ്ങളിലെ പാർട്ടി പ്രതിനിധികളുടെ യോഗം പ്രത്യേകം വിളിച്ചുചേർക്കും. പങ്കെടുക്കാത്തവർക്കെതിരെ നടപടി ഉണ്ടാവും. കൂറുമാറ്റ ചട്ടപ്രകാരം അയാഗ്യരാവുന്നവർക്ക് 6. വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുണ്ടാവും. കേ.കോൺ. (എം) തീരുമാനം പലരെയും മത്സരരംഗത്തു നിന്നും പിന്തിരിപ്പിക്കുന്നതിന് ഇടയാക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവ് ജോസഫ് വിഭാഗത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.