എലിക്കുളം: കൂട്ടുകാർക്കൊപ്പം ഓണസദ്യയുണ്ണാൻ വാഴയിലയുമായി ബൈക്കിൽ പോകുമ്പോഴായിരുന്നു മാളിയേക്കൽ അരുണിന്റെ ജീവൻ അപകടത്തിൽ പൊലിഞ്ഞത്. ബൈക്ക് വഴിവിളക്കിന്റെ പോസ്റ്റിലിടിച്ച് മറിഞ്ഞപ്പോൾ വഴിയിൽ ചിതറിയ വാഴയിലകൾ കൂട്ടുകാർക്ക് നൊമ്പരക്കാഴ്ചയായി.

ഏഴാംമൈലിൽ കൂട്ടുകാർ നടത്തുന്ന ഹോട്ടലിൽ ഒരുമിച്ചിരുന്ന് സദ്യയുണ്ണുന്നതിന് ഇലയുമായി എത്തിയതായിരുന്നു അരുൺദേവ്. സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന അരുൺ ബസ് സർവീസ് ഇല്ലാത്തതിനാൽ കൂട്ടുകാരുടെ ഹോട്ടലിൽ സഹായിയായി നിൽക്കുകയായിരുന്നു. പുതിയ വീടിന്റെ നിർമാണം പൂർത്തിയാക്കുന്ന തിരക്കിലുമായിരുന്നു യുവാവ്. അച്ഛനും അമ്മയ്ക്കുമൊപ്പം അടുത്തയാഴ്ച പുതിയ വീട്ടിലേക്ക് മാറിത്താമസിക്കാനിരിക്കെയാണ് ദുരന്തം അരുണിന്റെ ജീവനെടുത്തത്.

ചിത്രവിവരണംപാലാപൊൻകുന്നം റോഡിൽ അരുണിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ നിലയിൽ. വഴിയിൽ ചിതറിപ്പോയ വാഴയിലകളും കാണാം.