കട്ടപ്പന: പാർട്ടി ഓഫീസുകൾ അക്രമിച്ചതുകൊണ്ട് ചോർന്ന് പോകുന്നതല്ല കോൺഗ്രസിന്റെ ശക്തിയെന്ന് അക്രമം നടത്തുന്നവർ മനസിലാക്കണമെന്ന് എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി. പാർട്ടി ഓഫീസുകൾക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് ഒത്താശ ചെയ്യാതെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിക്കണം. കട്ടപ്പനയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ശ്രമിക്കുന്നതെന്നും ആഗസ്തി ആരോപിച്ചു. രാജീവ്ഭവനിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ രണ്ടുമണിക്കൂർ സത്യാഗ്രഹം അനുഷ്ഠിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോണി കുളംപള്ളി, ടി.എസ്. ബേബി, കെ.ജെ. ബെന്നി, തോമസ് രാജൻ, മനോജ് മുരളി, ജോയി പൊരുന്നോലി, ജോയി ആനിത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.