pic

കോട്ടയം: വീട്ടിൽ പിതാവ് മരിച്ചുകിടന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. ഈരാറ്റുപേട്ട കടുവാമൂഴി കടപ്ലാക്കൽ ഷെറീഫിനെയാണ് (55) കഴിഞ്ഞദിവസം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് പറ‌‌ഞ്ഞ് സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനിടയിൽ ഈരാറ്റുപേട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരമാണ് കൊലപാതകത്തിലേക്ക് വെളിച്ചംവീശിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതും ഈരാറ്റുപേട്ട സി.ഐ പ്രസാദ് എബ്രഹാം മകൻ ഷെഫിഖിനെ (28) അറസ്റ്റ് ചെയ്തതും.

പോസ്റ്റുമോർട്ടത്തിൽ മർദ്ദനം മൂലമാണ് മരണം എന്ന് സ്ഥിരീകരിച്ചു. മർദ്ദനത്തിൽ ഷെറീഫിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. തലയിൽ ആന്തരിക രക്തസ്രാവവും കണ്ടെത്തി. പിതാവിനെ അടിക്കാൻ ഉപയോഗിച്ച വടിയും പൊലീസ് കണ്ടെത്തി.

കഞ്ചാവ്, മോഷണക്കേസുകളിൽ പ്രതിയാണ് ഷെഫിഖ്. മദ്യപിച്ചെത്തുന്ന ഷെഫിഖ് പിതാവുമായും അമ്മയുമായും വല്യമ്മയുമായും വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്നും ഷെഫിഖ് ഇവരെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. സംഭവത്തിന് തലേ രാത്രിയിൽ മകനും പിതാവുമായി വാക്കുതർക്കം ഉണ്ടായതായി അറിഞ്ഞ് പൊലീസ് മകനെ നിരീക്ഷണത്തിലാക്കിയിരുന്നു. പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് ലഭിച്ചശേഷമാണ് ഷെഫിഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.