covid

കോട്ടയം: കോട്ടയം നഗരസഭാ അതിർത്തിയിൽ കൊവിഡ് അതിവേഗം പടരുന്നു. ഇന്നലെ ജില്ലയിൽ 62 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. 62പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. അതേസമയം കോട്ടയം പച്ചക്കറി മാർക്കറ്റിലും മീൻ മാർക്കറ്റിലുമായി 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നു മുതൽ തുടർച്ചയായി മൂന്നു ദിവസം അന്റിജൻ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആയിരം പേരിൽ പരിശോധന നടത്താനാണ് തീരുമാനം.

രോഗവ്യാപനം രൂക്ഷമായതോടെ മാർക്കറ്റ് ആറു വരെ അടച്ചിടാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ രോഗം പടർന്നതോടെ ഇവിടെ 17 കടകൾ അടച്ചിട്ടിരിക്കയാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് കടകൾ അടച്ചത്.

കൊവിഡിന്റെ ആരംഭത്തിൽ മത്സ്യ മാർക്കറ്റും സസ്യമാർക്കറ്റും രണ്ടാഴ്ച അടച്ചിരുന്നു. കൂടാതെ ഇവിടേക്കുള്ള റോ‌ഡുകളും അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. നാല് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് അതിശക്തമായ പ്രതിരോധ നടപടികളാണ് എടുത്തത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങൾ അണുനശീകരണം നടത്തിയ ശേഷമേ മാർക്കറ്റിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു.

കോട്ടയം നഗരത്തിൽ മാത്രം ഇന്നലെ 28 പേർക്ക് കൊവിഡ് പോസിറ്റീവ് ആയി. നിലവിൽ 1422 പേരാണ് ചികിത്സയിൽ കഴിയുന്നത്. 15,603 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.