കുറവിലങ്ങാട് : തോട്ടുവ ജയഗിരി കല്ലുവേലിൽ കെ.സി. തോമസിന് (84) നാട്ടുകാരുടെ ആദരാഞ്ജലി. കായിക ലോകത്തിനും സാംസ്കാരിക മേഖലയിലും ഒട്ടേറെ സംഭാവന നല്കിയ ശേഷമാണ് ഈ നാട്ടുകാർ കൊച്ചുസർ എന്ന് വിളിക്കുന്ന തോമസ് (കുഞ്ഞുതോമാച്ചൻ) ലോകത്തോട് വിടപറഞ്ഞത്. റിട്ട.അദ്ധ്യാപകൻ തോട്ടുവാ അങ്കൻവാടിക്കും പഞ്ചായത്തിന്റെ വയോജന കേന്ദ്രത്തിനും സ്ഥലം സൗജന്യമായി നൽകി സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ വൈകിട്ട് സംസ്കരിച്ചു.
1963 ൽ കായിക അധ്യാപന രംഗത്ത് എത്തിയ തോമസ് 1993ൽ ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷവും കായിക പരിശീലനം നൽകിയിരുന്നു. പതിനഞ്ചിലധികം സ്കൂളുകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾക്കായി വിവിധ സ്ഥലങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും സ്വന്തം ചിലവിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. നാടൻ പന്തുകളിയിൽ ഉണ്ടായിരുന്ന താല്പര്യവും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമാണ് കായികരംഗത്തേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹത്തിന്റെ "ഓർമ്മപ്പൂക്കൾ" എന്ന ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
വികാസ് ക്ലബ് എന്ന സംഘടന രൂപീകരിച്ച് യുവാക്കളെ കലാകായിക സാംസ്കാരിക കൂട്ടായ്മയിലേക്ക് അടുപ്പിച്ചു. ക്ലബ്ബിന് സ്വന്തമായി സ്ഥലം കണ്ടെത്തി. കുറവിലങ്ങാട് അത്‌ലറ്റിക് ക്ലബ്ബ് രൂപീകരിച്ചു. പഞ്ചായത്ത് എൽ.പി. സ്കൂൾ കുട്ടികളുടെ കായിക മേളയ്ക്ക് ക്യാഷ് അവാർഡുകളും എവറോളിംഗ് ട്രോഫിയും ഏർപ്പെടുത്തി. കുടക്കച്ചിറ സെന്റ്. ജോസഫ് സ്കൂൾ, ചങ്ങനാശേരി എസ്.ബി. ഹൈസ്കൂൾ, അതിരമ്പുഴ സെന്റ്. അലോഷ്യസ് എന്നിവിടങ്ങളിൽ ഔദ്യോഗിക സേവനമനുഷ്ഠിച്ചു. ഭാര്യ: കുമാരനല്ലൂർ ചൂരക്കാട്ട് തച്ചേൽ കുടുംബാംഗം എൽസമ്മ. മക്കൾ : സജി.കെ.തോമസ്, ബിജി.കെ.തോമസ്, ലിജി.കെ.തോമസ്, ജോബി.കെ.തോമസ്. മരുമക്കൾ : ലിൻസി, മനോജ്, അജേഷ്, ആൽഫി.