ഇത്തിത്താനം: ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. അവിടെ വിധവയായ വീട്ടമ്മയും മക്കളുമടങ്ങിയ ഒരു കുടുംബം. ഈ വീട് ഇടിഞ്ഞുവീണാൽ ചെന്ന് പതിക്കുന്നത് മറ്റൊരു വീടിന് പുറത്ത്! അവിടെ രണ്ട് കുട്ടികളടങ്ങുന്ന മറ്റൊരു കുടുംബം. ഇത്തിത്താനം ചാലച്ചിറ കല്ലുകടവ് തോട്ടുപുറത്താണ് അപകടഭീതിയിൽ ഈ രണ്ടുകുടുംബങ്ങൾ കഴിയുന്നത്. ഒരു സംരക്ഷണ ഭിത്തി നിർമ്മിച്ചുനൽകി ഇരു കുടുംബങ്ങളെയും സഹായിക്കേണ്ട അധികൃതർ വീടുമാറി താമസിച്ച് ലൈഫ് പദ്ധതിയിൽ പുതിയ വീട് നിർമ്മിക്കാനുള്ള ഉപദേശമാണ് നൽകുന്നത്.
വാഗ്ദാനത്തിന് കുറവില്ല!
വീട്ടമ്മയും മക്കളും താമസിക്കുന്ന വീടിന്റെ പുറകുവശത്തെ മണ്ണിടിഞ്ഞ് താഴാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത് ശ്രദ്ധയിൽപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറും റവന്യൂ അധികാരികളും ഇവരെ മലകുന്നം ഗവ.എൽ.പി.സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. എന്നാൽ സ്‌കൂളിൽ താമസസൗകര്യം കുറവായതിനാൽ ഇവർ ഒരു വാടകവീട്ടിലേക്ക് താമസം മാറ്റി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് സ്ഥലവും വീടും നൽകാമെന്ന് പഞ്ചായത്ത് അധികൃതർ വാഗ്ദാനം നൽകിയിട്ടുണ്ട്. സ്വന്തമായി വീടുള്ളതിനാൽ ഇന്നേവരെ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടില്ലാത്ത ഇവർക്ക് അടുത്ത ലിസ്റ്റിൽ ഉൾപ്പെടുത്തി വീട് നല്കാമെന്നാണ് വാക്ക്. അതുവരെ വാടകയ്ക്ക് താമസിക്കാനാണ് ജനപ്രതിനിധികളുടെ നിർദേശം. ജോലിക്ക് പോകാൻ കഴിയാത്ത ഹൃദ്രോഗിയായ വീട്ടമ്മ ആഹാരത്തിനുപോലും ബുദ്ധിമുട്ടുമ്പോഴാണ് വാടകകൂടി കണ്ടെത്തേണ്ട ഗതികേട്!. വീടിന്റെ ശോചനീയാവസ്ഥ നിരവധി തവണ കോട്ടയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വാഗ്ദാനങ്ങൾ നൽകി റവന്യൂ അധികാരികൾക്കൊപ്പം പഞ്ചായത്ത് പ്രതിനിധികളും മുങ്ങി.
എന്തു സംഭവിച്ചാലും തങ്ങൾ സ്വന്തം വീട്ടിൽ നിന്നും മാറില്ലെന്ന തീരുമാനത്തിലാണ് താഴെ താമസിക്കുന്ന കുടുംബം. സ്വന്തമായി വീടുള്ളപ്പോൾ മറ്റൊരു വീട്ടിൽ വാടകകൊടുത്ത് ജീവിക്കാൻ കൂലിപ്പണിക്കാരനായ തനിക്ക് കഴിവില്ലെന്ന് വീട്ടുടമ പറയുന്നു. തീരെ ഉറപ്പില്ലാത്ത, പശമണ്ണാണ് ഈ പ്രദേശത്തുള്ളത്. തൊട്ടടുത്തുള്ള വീടുകൾക്കും മുൻപ് ഇതേപോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അന്ന് ആ വീടുകൾക്ക് സംരക്ഷണഭിത്തി വാർത്തുകൊടുത്ത് വീടുകളെ സംരക്ഷിച്ചിരുന്നു. ഈ സംരക്ഷണഭിത്തി നിർമ്മിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ. സ്വന്തമായി സ്ഥലവും വീടുമുള്ള ഇവർക്ക് ഇപ്പോൾ വേണ്ടത് ഒരു സംരക്ഷണഭിത്തിയാണ്. ഇത് നൽകാതെ വീട്ടുകാരെ വലയ്ക്കുകയാണ് അധികൃതർ.
അതേസമയം, കുറിച്ചി ഗ്രാമപഞ്ചായത്തിൽ 4 വർഷം മുൻപ് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ച് ലിസ്റ്റിൽ പേരുൾപ്പെട്ടവർക്ക് പോലും ഇതുവരെ വീട് ലഭിച്ചിട്ടില്ല. വീടിനെക്കുറിച്ച് ഗ്രാമസഭയിൽ ചോദിക്കുമ്പോൾ ലിസ്റ്റിൽ പേരുണ്ട് വീട് കിട്ടും എന്നുള്ള മറുപടിയാണ് മെമ്പർമാർ നൽകുന്നത്.