online

കോട്ടയം: സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ പോവേണ്ട, വീട്ടിലിരുന്ന് മൊബൈലിലോ കമ്പ്യൂട്ടറിലോ ക്ളിക്ക് ചെയ്താൽ സേവനങ്ങൾ ലഭിക്കും. ഇൻഫൊർമേഷൻ കേരള മിഷൻ (ഐ.കെ.എം) വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) ആദ്യഘട്ടത്തിൽ ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് സജ്ജമാകുന്നത്.

ഐ.എൽ.ജി.എം.എസ് സോഫ്റ്റ്‌വെയറിലേയ്ക്ക് മാറുകയാണ് സേവനങ്ങൾ. പഞ്ചായത്തുകളിലെ ജീവനക്കാർക്ക് കിലയുടെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം നൽകിയിരുന്നു. കൂടുതൽ പഞ്ചായത്തുകളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ അടക്കം ഓൺലൈൻ മാപ്പിംഗ് നടത്താൻ തദ്ദേശ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പഞ്ചായത്തുകളിൽ സംവിധാനം നടപ്പാക്കാനാണ് തദ്ദേശവകുപ്പിന്റെ നിർദേശം.

ഇനി കാര്യങ്ങൾ ഈസി


നിലവിൽ സേവന സോഫ്റ്റ്‌വെയറിലൂടെ ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകളിൽ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും പേര് ചേർക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ- ഫയലിംഗ് വഴി സാദ്ധ്യമായിരുന്നത്. അവ ഇ ഫയൽ ചെയ്താലും രേഖകൾ നേരിട്ട് ഹാജരാക്കണം.

എന്നാൽ പുതിയ സോഫ്റ്റ്‌വെയർ വരുന്നതോടെ വിവിധ സേവനങ്ങൾക്ക് അപേക്ഷയ്‌ക്കൊപ്പം ഫീസുകൾ അടയ്ക്കാനുള്ള സൗകര്യവും ഓൺലൈനിൽ ലഭ്യമാകും. ഇ മെയിലായി വിവരങ്ങളും ലഭിക്കും.

ഐ.എൽ.ജി.എം.എസ്

ആദ്യം 11 പഞ്ചായത്തുകളിൽ

നീണ്ടൂർ,

ഞീഴൂർ,

മരങ്ങാടുപ്പിള്ളി,

മീനച്ചിൽ,

വിജയപുരം,

നെടുങ്കുന്നം,

കങ്ങഴ

വാകത്താനം,

തിരുവാർപ്പ്,

പള്ളിക്കത്തോട്,

മുത്തോലി


'' ഇരുനൂറോളം സേവനങ്ങൾ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിൽ ലഭിക്കുന്ന വിപ്ളവകരമായ മാറ്റത്തിനാണ് തുടക്കമിടുന്നത്. ചില പഞ്ചായത്തുകളിൽ സോഫ്റ്റുവെയർ നാളെ മുതൽ സജ്ജമാകും. ഉദ്യോസ്ഥൻ ഓഫീസിൽ ഇല്ലെങ്കിൽ പോലും ജോലികൾ ചെയ്യാം. ഡേറ്റകൾ യുണിക്കോഡിലേയ്ക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്''

പി.ആർ.വേദവ്യാസൻ, ജില്ലാ കോ-ഓർഡിനേറ്റർ, ഇൻഫൊർമേഷൻ കേരള മിഷൻ