കങ്ങഴ: വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കങ്ങഴ കുമ്പന്താനം ബിജു തോമസ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30 ഓടെ മൂലേപ്പീടിക-പൂവത്തുംകുഴി റോഡിൽ കാരയ്ക്കാട്ടുപടിയിലായിരുന്നു അപകടം. റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം സുഹൃത്തുമായി സംസാരിച്ചു നിൽക്കെ മൂലേപ്പീടിക ഭാഗത്തു നിന്ന് എത്തിയ വാൻ ബിജുവിനെ ഇടിച്ചശേഷം സമീപത്തെ വീടിന്റെ മതിലും വൈദ്യുതി പോസ്റ്റും തകർത്തശേഷം നിർത്താതെ കടന്നു കളയുകയായിരുന്ന. വാനിൽ നിന്നു തെറിച്ചു വീണ മൊബൈൽ ഫോൺ നാട്ടുകാർ മണിമല പൊലീസിൽ ഏൽപിച്ചു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ പിടികൂടി. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാർ പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: ജയമോൾ, മക്കൾ: സെമിര, സെഫിൻ, ഷാരോൺ. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഉദയപുരം ബ്രദറൺ സെമിത്തേരിയിൽ.