jose

കോട്ടയം: രണ്ടില ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ശേഷം ജോസഫ് പക്ഷത്തേക്ക് കൂറുമാറിയ ത്രിതല പഞ്ചായത്ത് അംഗങ്ങളെ വരുതിയിലാക്കാൻ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് അയോഗ്യരാക്കാനുള്ള നീക്കം ജോസ് കെ മാണി ചെയർമാനായ കേരളാ കോണ്‍ഗ്രസ് (എം) ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജോസഫ് പക്ഷത്തുള്ള ജനപ്രതിനിധികളെ കൂറുമാറ്റനിയമത്തിൽ കുടുക്കി അയോഗ്യരാക്കുമെന്ന് സമ്മർദ്ദം ചെലുത്തി ഒപ്പം കൂട്ടാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തൽ. ജോസഫ് പക്ഷത്തു നിന്ന് വലിയ ഒഴുക്ക് ഇതുവഴി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ അടവ് നയം. രണ്ടില ചിഹ്നവും, കേരളാ കോൺഗ്രസ് (എം) എന്ന പേരും ജോസ് കെ.മാണി ചെയർമാനായുള്ള പാർട്ടിക്ക് ലഭിച്ച സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിലുള്ള ജനപ്രതിനിധികളെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കാനുള്ള നടപടികൾക്ക് ഇന്ന് ചേരുന്ന ജില്ലാ നേതൃയോഗം രൂപം നൽകും.

കോട്ടയം ജില്ലാ നേതൃയോഗം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്ന് ഉച്ച കഴിഞ്ഞു നടക്കും. ജില്ലകളിൽ നിന്നുള്ള സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും, സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിൽ ജോസഫ് പക്ഷത്തുള്ള ജനപ്രതിനിധികളുടെ ലിസ്റ്റ് തയ്യാറാക്കിയായിരിക്കും നടപടി. ഇവർക്ക് ജോസ് പക്ഷത്തേക്ക് തിരിച്ചു വരാൻ സാവകാശം നൽകും. എന്നിട്ടും വരാത്തവർക്കെതിരെയാകും നടപടി. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ജോസഫ് പക്ഷത്തെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ കൂട്ടത്തോടെ തങ്ങളുടെ ഭാഗത്തേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ജോസ് പക്ഷം. അതിനിടെ, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന സജി മഞ്ഞക്കടമ്പനെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ജയദേവന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പരാതി നൽകി. ഇലക്ഷൻ കമ്മിഷൻ വിധിപ്രകാരം കേരളാ കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അവകാശം ജോസ് കെ.മാണി എം.പി ചെയർമാനായുള്ള പാർട്ടിക്കാണ് എന്നറിഞ്ഞിട്ടും സജി മഞ്ഞക്കടമ്പിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എന്ന് സമൂഹമാധ്യമങ്ങളിലടക്കം പറയുന്നുവെന്നാണ് പരാതി. തെറ്റായ വിവരം നൽകി രണ്ടു വിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇന്ത്യൻ ശിക്ഷാനിയമവും ഐ.ടി ആക്ട് അനുസരിച്ചുമുള്ള കുറ്റകരമായ പ്രവൃത്തിയായതിനാൽ അടിയന്തരമായി നിയമനടപടികൾ കൈക്കൊള്ളണമെന്നാണ് പരാതി.

പരാതി വ്യാജമെന്ന് മഞ്ഞകടമ്പൻ

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റായ തനിക്കെതിരെ വർക്കിംഗ് ചെയർമാനായ പി.ജെ ജോസഫ് സസ് പെന്റ് ചെയ്ത സണ്ണി തെക്കേടം പൊലീസിൽ കൊടുത്തിരിക്കുന്ന പരാതി വ്യാജമാണെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കോട്ടയം ജില്ലാ പ്രസിഡന്റിന്റെ ചുമതല സണ്ണി തെക്കേടത്തിനാണെന്ന് കാണിച്ചുള്ള ജോസ് കെ.മാണിയുടെ കത്ത് പ്രസിദ്ധപ്പെടുത്താൻ വെല്ലുവിളിക്കുന്നു.കത്ത് ഹാജരാക്കിയില്ലെങ്കിൽ സണ്ണി തെക്കേടത്തിനെതിരെ വ്യക്തിഹത്യക്ക് കേസെടുക്കണമെന്നും സജി ആവശ്യപ്പെട്ടു.