കോട്ടയം: വീട്ടമ്മയുടെ രണ്ടരപവന്റെ സ്വർണമാല കവർന്നയാളെ പത്താം ദിവസം പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പ്ലാക്കൂഴി വീട്ടിൽ ജയകൃഷ്ണനെ (23)യാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്.
കടുത്തുരുത്തി മാഞ്ഞൂർ അയ്യൻകോവിൽ അമ്പലത്തിനു സമീപം ശിവമന്ദിരം വീട്ടിൽ രഘുനാഥന്റെ ഭാര്യ സതീദേവിയുടെ (51) മാലയാണ് പ്രതി കവർന്നത്. ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേയ്ക്ക് കയറുന്നതിനിടെ ബൈക്കിൽ പിന്നാലെ എത്തിയ പ്രതി മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.
ഇൻസ്പെക്ടർ പി.എസ് ബിനു, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മണർകാട് പൊലീസ് സ്റ്റേഷനിൽ മൂന്നു മാല മോഷണക്കേസുകളും ഈസ്റ്റ് സ്റ്റേഷനിൽ രണ്ടു മാല മോഷണക്കേസുകളും ഗാന്ധിനഗർ, അയർക്കുന്നം സ്‌റ്റേഷനുകളിൽ ഓരോ മാല മോഷണക്കേസും ജയകൃഷ്ണന്റെ പേരിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.