കാഞ്ഞിരപ്പള്ളി: ഇടനിലക്കാരുടെ ചൂഷണമില്ലാതെ തങ്ങളുടെ ഉത്പന്നത്തിന് ശരിയായ വില ലഭ്യമാക്കി എലിക്കുളത്തൊരു നാട്ടുചന്ത. പച്ചക്കറി മാത്രമല്ല, കന്നുകാലികൾ, ആട്, കോഴി, മീൻ, ഹോം മെയ്ഡ് കറിക്കൂട്ടുകൾ, നാടൻ ശർക്കര, പരമ്പരാഗത തൊഴിലാളികൾ നിർമ്മിച്ച പണി ആയുധങ്ങൾ അങ്ങനെ വേണ്ടതെല്ലാം ലഭ്യമാണ്. ലേലം വിളിച്ചാണ് കച്ചവടം. അതിനാൽ ന്യായമായ വില കർഷകർക്കും ലഭിക്കും.
കർഷകരുടെ
വിഹിതവും
എലിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുവിക്കൂട് ജംഗഷനിലാണ് ചന്ത പ്രവർത്തിക്കുന്നത്. പ്രസ്ഥാനത്തിന്റെ അമരക്കാർ എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനുമാണ്. എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, "തളിർ" പച്ചക്കറി ഉല്പാദക സംഘം എന്നിവയുടെ സംയുക്ത സംരംഭമാണ് എലിക്കുളം നാട്ടുചന്ത. പഞ്ചായത്തിലെ കുരുവിക്കൂട്, ഉരുളികുന്നം, മഞ്ചക്കുഴി, കാരക്കുളം, മല്ലികശ്ശേരി എന്നിവിടങ്ങളിലെ കർഷകരുടെ കൂട്ടായ്മയാണ് തളിർ പച്ചക്കറി ഉല്പാദക സംഘം. 2019 ജൂലായ് 4ന് ആരംഭിച്ച ഈ നാട്ടുചന്ത എല്ലാ വ്യാഴാഴ്ചയുമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു തവണ പോലും വ്യാഴാഴ്ച ചന്തയ്ക്ക് മുടക്കം വരുത്തിയിട്ടില്ല. സമ്പൂർണ്ണ ലോക്ക് ഡൗൺ കാലത്തും സർക്കാർ നിർദ്ദേശങ്ങൾ പൂണമായും പാലിച്ച് ഈ നാട്ടുചന്ത പ്രവർത്തിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് കന്നുകാലികളുടെ ലേലം ഇപ്പോൾ നടക്കുന്നില്ല. എന്നാൽ ആട്, കോഴി, മീൻ, നാടൻ വാഴക്കുലകൾ, നാടൻ പച്ചക്കറികൾ എല്ലാം ഇവിടെ എത്തുന്നുണ്ട്. കർഷകർ തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ചെറിയ വിഹിതം നാട്ടു ചന്തയുടെ പ്രവർത്തനങ്ങൾക്കായി നിറമനസോടെ നല്കുന്നുണ്ട്. പാലാ എം.എൽ.എ. മാണി.സി.കാപ്പൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങി വലിപ്പചെറുപ്പമില്ലാതെ എല്ലാവരും എലിക്കുളം നാട്ടുചന്തയിലെത്തിയാണ് പച്ചക്കറിയും മറ്റും വാങ്ങുന്നത്. എല്ലാവർക്കും ഇവിടെ ലേലത്തിൽ പങ്കുചേരാം.
വിശ്വാസത്തിൽ
ഊന്നിയ കച്ചവടം
എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് നാട്ടുചന്തയുടെ പ്രവർത്തന സമയം. ബുധനാഴ്ച വൈകുന്നേരം മുതൽ കർഷകർ തങ്ങളുടെ ഉല്പന്നങ്ങളുമായി ഇവിടേക്ക് എത്തി തുടങ്ങും. തങ്ങളുടെ ഉല്പന്നം തൂക്കി എല്പിച്ച ശേഷം ഇവർ മടങ്ങും. അടുത്ത ആഴ്ചയിലെ നാട്ടുചന്ത ദിനത്തിൽ ഇതിന്റെ തുക കൃത്യമായി കർഷകന്റെ കൈകളിൽ എത്തുകയും ചെയ്യും. ലോക്ക് ഡൗൺ കാലത്ത് കർഷകരുടെ ഉല്പന്നങ്ങൾ വീടുകളിലെത്തിയാണ് വാങ്ങിയിരുന്നത്. റിട്ട. ഗവ.ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ എല്ലാം ഈ കൂട്ടായ്മയുടെ ഭാഗമാണ്. വി.എസ്.സെബാസ്റ്റ്യൻ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സാബിച്ചൻ പാംപ്ലാനി, ജിബിൻവെട്ടം, രാജു അമ്പലത്തറ, വിൽസൺ പാമ്പൂരി , മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, ഔസേപ്പച്ചൻ ഞാറയ്ക്കൽ, അനിൽകുമാർ മഞ്ചക്കുഴിയിൽ തുടങ്ങിയവർ നാട്ടുചന്തയുടെ മുഴുവൻ സമയ പ്രവർത്തകരാണ്. പിന്തുണയുമായി എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട്, കൃഷി ഓഫീസർ നിസ ലത്തീഫ്, അസി. കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ് എന്നിവരുമുണ്ട്.