photo

കുറവിലങ്ങാട്: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാടുകുന്ന് ഭാഗത്ത് തയ്യാറാക്കുന്ന ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണം പൂർത്തിയാകുന്നു. ഈ മാസംതന്നെ പാർക്ക് തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലാണ് വാർഡ് മെമ്പർ ഷൈജു പാവുത്തിയേലിന്റെ നേതൃത്വത്തിലുള്ള സംഘം. മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന റോഡരിക് വെട്ടിത്തെളിച്ചാണ് പാർക്ക് നിർമ്മിക്കുന്നത്. മാലിന്യം നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കി പല ആകൃതിയിലുള്ള ശിലകൾ നാട്ടുകയും പുൽത്തകിടി വച്ചുപിടിപ്പിച്ച് ഭംഗിയാക്കുകയും ടൈൽ വിരിച്ച് നടപ്പാത തയാറാക്കുകയും ചെയ്തു. റംബൂട്ടാൻ, നിത്യഹരിത വൃക്ഷമായ ലോങ്ങൻ, സ്വീറ്റ് സാന്തോൾ, കണിക്കൊന്ന, ഫലവൃക്ഷമായ വെൽവെറ്റ് ആപ്പിൾ തുടങ്ങിയവ പാർക്കിൽ വച്ചുപിടിപ്പിച്ചിട്ടുണ്ട്. തണലും ശുദ്ധവായുവും ലഭിക്കുന്ന വിധത്തിലാണ് പാർക്കിന് രൂപകല്പന ചെയ്തിട്ടുള്ളത്.

പാർക്ക് തുറന്നുകൊടുക്കുന്നതോടെ കുട്ടികൾക്കും മുതിർന്നവർക്കും വഴിയാത്രക്കാർക്കും വിശ്രമിക്കാം. പുൽത്തകിടി, ആർട്ടുവർക്കുകൾ, കല്ലുകൾകൊണ്ട് കലാരൂപങ്ങൾ, തണൽ വൃക്ഷങ്ങൾ, സോളാർ ലൈറ്റുകൾ, ചാരുബെഞ്ചുകൾ, കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ, അലങ്കാരമത്സ്യകുളം, ഗ്രോട്ടോകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട് പാർക്കിൽ. പഞ്ചായത്ത് പദ്ധതി വിഹിതം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജനകീയ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. പാർക്കിന്റെ തുടർപരിചരണത്തിന് പ്രാദേശിക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.നാടുകുന്നിലെ ജനകീയ പാർക്കിന് അനുയോജ്യമായ പേര് കണ്ടെത്തിയത് സോഷ്യൽ മീഡിയയിലൂടെയാണ്. രാജു നാരായണൻ നമ്പൂതിരി, സാരംഗ് സണ്ണി വടക്കേടം എന്നിവർ നിർദ്ദേശിച്ച 'ഗ്രാമോദ്യാനം' എന്ന പേരിലാവും പാർക്ക് ഇനി അറിയപ്പെടുക.