ചങ്ങനാശേരി: പറാൽ-കുമരങ്കരി റോഡിൽ വണ്ടിപേട്ട ഭാഗം മുതൽ റോഡിന്റെ ഇരുവശങ്ങളിൽ അറവു മാലിന്യങ്ങളും മത്സ്യ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനെ തുടർന്ന് കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും തെരുവു നായ്ക്കളുടെ ഭീഷണി നേരിടുന്നതായി പ്രദേശവാസികൾ. പ്രദേശമാകെ ദുർഗന്ധമായതിനാൽ കാൽനടക്കാർക്ക് മൂക്കുപൊത്താതെ ഇവിടം കടന്നുപോകുവാൻ സാധിക്കാത്ത അവസ്ഥയാണ്. മാംസാവശിഷ്ടങ്ങളും മറ്റും റോഡിൽ തള്ളുന്നതിനാൽ ഇത് കഴിക്കുവാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യം ദിവസേന വർദ്ധിക്കുകയാണ്. ഇതുവഴി കാൽനട യാത്രക്കാർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കേണ്ടവർ തിരിഞ്ഞുനില്ക്കുകയാണ്. അനധികൃതമായ മാലിന്യ നിക്ഷേപിക്കുന്നതിനെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പറാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ലോക്‌നായിക് ജയപ്രകാശ് നാരായൺ പുരുക്ഷ സ്വയം സഹായ സംഘം ഭാരവാഹികൾ മുന്നറിയിപ്പ് നല്കി. പ്രതിഷേധയോഗം സംഘം രക്ഷാധികാരി കെ.ആർ സാബുരാജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സണ്ണി അധ്യക്ഷത വഹിച്ചു. കുഞ്ഞച്ചൻ മൂലക്കരി, സന്തോഷ്.കെ, ഷാജി.ഡി, ആന്റണി ദേവസ്യാ, ജെയ്‌സൺ, മാത്യു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.