കോട്ടയം: സമ്പൂർണ നിരോധനം കാറ്റിൽ പറത്തി കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ വ്യാപകം. പുതുവർഷത്തിൽ നിലവിൽ വന്ന നിയമം തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് തുടക്കത്തിൽ ശക്തമായി നടപ്പാക്കിയെങ്കിലും കൊവിഡിൽ താളംതെറ്റുകയായിരുന്നു.
ജില്ലയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വഴിയോര വിപണന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് സഞ്ചികൾ സുലഭമാണ്. പ്ളാസ്റ്റിക് നിരോധനത്തിൽ തുടക്കത്തിലെ എതിർപ്പ് മറന്ന് എല്ലാവരും മറുമാർഗങ്ങളോട് പൊരുത്തപ്പെട്ടുവന്നപ്പോഴാണ് കൊവിഡിന്റെ വരവ്. പ്ലാസ്റ്റിക് പിടികൂടിയാൽ പിഴയായി ആദ്യം 10000 രൂപയും രണ്ടാമത് 25000 രൂപയും പിന്നീട് 50000 രൂപയുമാണ് ചുമത്തുക. ജീവനക്കാരെല്ലാം കൊവിഡ് പ്രതിരോധത്തിലായതോടെ പരിശോധന നിന്നു. കടകളിൽ സ്റ്റോക്കിരുന്ന പ്ലാസ്റ്റിക് തിരിച്ചിറങ്ങുകയും ചെയ്തു.
തുണിസഞ്ചിക്ക് ക്ഷാമം
സാധാരണ ഒരു കടയിൽ ദിവസം 300 മുതൽ 500 വരെ രൂപയുടെ പ്ലാസ്റ്റിക് സഞ്ചികൾ ആവശ്യമുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കിയാൽ ഈ തുക വ്യപാരികൾക്ക് ലാഭമാണ്. തുണിസഞ്ചികൾ വിൽക്കുന്നതിലൂടെ വരുമാനവും ലഭിക്കും. കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് തുണി സഞ്ചി നിർമാണം വ്യാപകമാക്കിയാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് വ്യാപാരികൾ പറയുന്നു. പ്ലാസ്റ്റിക്കിനു പകരം നൽകിയിരുന്ന തുണിസഞ്ചി കിട്ടാത്തതും പ്ലാസ്റ്റിക് ഉപയോഗിക്കാൻ വ്യാപാരികളെ പ്രേരിപ്പിച്ചു. സാധനങ്ങൾക്കായി സഞ്ചിയുമായി കടകളിൽ എത്തുന്നവരും ഇപ്പോൾ വിരളമാണ്.
പരിശോധന നിലച്ചതോടെ പ്ളാസ്റ്റിക് വ്യാപകമായി
ഉപയോഗം കുറഞ്ഞപ്പോൾ തുണി സഞ്ചി കിട്ടാനില്ല
ഒരു കടയിൽ വേണ്ട പ്ലാസ്റ്റിക് സഞ്ചി 500 രൂപയുടെ
പ്ലാസ്റ്റിക് പിടികൂടിയാൽ ആദ്യം പിഴ 10000 രൂപ
'' പ്ലാസ്റ്റിക് നിരോധനത്തോട് നല്ല രീതിയിലാണ് വ്യാപാരികൾ സഹകരിച്ചത്. പക്ഷേ കൊവിഡിനു ശേഷം തുണി സഞ്ചികൾ കിട്ടാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് പ്ലാസ്റ്റിക് സഞ്ചികളെ വീണ്ടും ആശ്രയിക്കേണ്ടി വന്നത്. തുണി സഞ്ചികൾ എത്തിയാൽ പ്ലാസ്റ്റിക് ഉപയോഗം കുറയും''
എം.കെ.തോമസ് കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി, ജില്ലാ പ്രസിഡന്റ്