കോട്ടയം: കൊവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയത്തെ പച്ചക്കറി, മത്സ്യ മാർക്കറ്റുകളിൽ ആന്റിജൻ പരിശോധന തുടരുന്നു. ഇന്നലെ 392 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ആന്റിജൻ പരിശോധന വ്യാപിപ്പിക്കുന്നതോടെ രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. രോഗികളുടെ എണ്ണം വർദ്ധിച്ചാലും കോട്ടയം മാർക്കറ്റ് പൂർണമായും അടയ്ക്കില്ല. രോഗം ബാധിച്ചവരുമായി ബന്ധമുള്ള കടകൾ മൂന്നു ദിവസത്തേക്ക് അടപ്പിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം. ഫലം വന്നശേഷം തുടർ നടപടികൾ സ്വീകരിക്കും. പച്ചക്കറി, പച്ചമീൻ മാർക്കറ്റുകളിലായി അമ്പതിലേറെ പേർക്ക് രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചതോടെയാണ് പരിശോധന വ്യാപകമാക്കിയത്.
ആദ്യഘട്ടത്തിലെ ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചതോടെ പച്ചക്കറി, പച്ചമീൻ, പലചരക്കു മാർക്കറ്റുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. ഒരു ദിവസം 25 അധികം പേർക്ക് രോഗം വ്യാപിച്ചതോടെയാണ് നടപടികൾ ശക്തമാക്കിയത്. കൂടുതൽ പേർ എത്തുന്ന സ്ഥലം എന്ന നിലയിൽ പച്ചക്കറി, പച്ചമീൻ മാർക്കറ്റിനു പുറമേ ഉണക്കമീൻ മാർക്കറ്റ്, എംഎൽ റോഡ്, കോഴിച്ചന്ത, മാർക്കറ്റ് റോഡ്, ചള്ളിയിൽ റോഡ്, ന്യൂ മാർക്കറ്റ് റോഡ് എന്നിങ്ങനെ കോട്ടയം മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാ സ്ഥാലങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനാണ് ധാരണയായത്. നശിച്ചു പോകാൻ സാദ്ധ്യതയുള്ള സാധനങ്ങൾ മാറ്റിയശേഷം അടയ്ക്കാനായിരുന്നു തീരുമാനം. ഓണനാളിൽ രാവിലെ തീരുമാനമെടുത്തുവെങ്കിലും ജില്ല ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്ന് തീരുമാനം തത്കാലം പിൻവലിക്കുകയായിരുന്നു. ആന്റിജൻ പരിശോധന പൂർത്തിയായതിന് ശേഷമേ അടച്ചിടുന്നതുൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമെടുക്കുക. ഈരയിൽക്കടവിൽ നിന്നുള്ള വഴിയിലും വ്യാപാര ഭവനോട് ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്തു പരിശോധന നടത്താനാണ് തീരുമാനം.
പകരം ജീവനക്കാരെ ഉപയോഗിക്കാം
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു പച്ചക്കറി മാർക്കറ്റിൽ 17 കടകൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. നിലവിൽ രോഗബാധിതരുള്ള കടകൾ മാത്രമാണ് അടയ്ക്കുന്നത്. രോഗബാധിതരെ കണ്ടെത്തുന്ന കടകളിൽ സാനിറ്റൈസേഷൻ നടത്തിയശേഷം പകരം ജീവനക്കാരെ ഉപയോഗിച്ചു വ്യാപാരം നടത്താൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്.