കട്ടപ്പന: കർഷകരുടെ നിലനിൽപ്പിനുവേണ്ടി ചെറുതോണിയിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തെ എതിർത്തവരുടെ നിലപാട് തന്നെയാണോ സ്ഥലം എം.എൽ.എയ്ക്കുമെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് കേരള കോൺഗ്രസ് നേതാക്കൾ.
ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെറുതോണിയിൽ നടത്തിവരുന്ന റിലേ സമരം വ്യാപിപ്പിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. റിലേ സമരത്തിനൊപ്പം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിന് ജില്ലയിലെ താലൂക്ക് ഓഫീസ് പടിക്കലും ഒൻപതിന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പടിക്കലും ധർണ നടത്തും. 30 വരെയുള്ള സമരപരിപാടികൾക്ക് രൂപം നൽകി. റിലേ സമരത്തിനു 10വരെ കർഷക യൂണിയൻ, യൂത്ത് ഫ്രണ്ട്, വനിത കോൺഗ്രസ്, കെ.എസ്.സി, കെ.ടി.യു.സി തുടങ്ങിയ പോഷകസംഘടനകളും തുടർന്ന് മണ്ഡലം കമ്മിറ്റികളും നേതൃത്വം നൽകും. പാർട്ടിയുടെയും യു.ഡി.എഫിന്റെയും സംസ്ഥാനജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, ഉന്നതാധികാര സമിതിയംഗം മാത്യു സ്റ്റീഫൻ, സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. തോമസ് പെരുമന, ജില്ലാ സെക്രട്ടറിമാരായ ഫിലിപ്പ് മലയാറ്റ്, സിനു വാലുമ്മേൽ, മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ, തങ്കച്ചൻ വാലുമ്മേൽ, ടി.ജെ. ജേക്കബ്, ജോജോ കുടക്കച്ചിറ, സാജു പട്ടരുമഠം എന്നിവർ അറിയിച്ചു.