കോട്ടയം. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി സംബന്ധിച്ച് നുണ പ്രചരിപ്പിക്കുന്ന പി.ജെ ജോസഫിന്റെ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് കേരളാ കോൺഗ്രസ്സ് (എം) ഉന്നതാധികാര സമിതി അംഗം ഡോ.എൻ ജയരാജ് എം.എൽ.എ പറഞ്ഞു. . രണ്ടില ചിഹ്നവും, കേരളാ കോൺഗ്രസ്സ് (എം) എന്ന പാർട്ടിയുടെ അംഗീകാരവും ജോസ് കെ.മാണിക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയോടുകൂടി ചിഹ്നവും, കൊടിയും, രാഷ്ട്രീയ പാർട്ടി എന്ന അംഗീകാരവും ജോസഫ് വിഭാഗത്തിന് നഷ്ടമായെന്നും പാർട്ടിക്ക് ലഭിച്ച അംഗീകാരം ജോസ് കെ.മാണിയുടെ ചെയർമാൻ സ്ഥാനത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നതിനു ശേഷവും വിപ്പ് സംബന്ധിച്ച് മോൻസ് ജോസഫ് നടത്തിയ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് ഉന്നതാധികാര സമിതി അംഗം റോഷി അഗസ്റ്റിന്‍ എം.എൽഎ. പറഞ്ഞു. ചിഹ്നവും പാർട്ടി അധികാരവും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അന്തിമമാണ്. പാർട്ടിയുടെ യഥാർത്ഥ വിപ്പാരാണെന്ന് നിയമസഭാ രേഖകൾ അന്വേഷിച്ചാൽ നിജസ്ഥിതി ബോദ്ധ്യപ്പെടും. ഇക്കാര്യത്തിൽ തുടർ നടപടികൾ പാർട്ടി സംസ്ഥാന നേതൃയോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.