ചങ്ങനാശേരി: ചങ്ങനാശേരി കവല മേഖലയിൽപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ചുമട്ടു തൊഴിലാളികളുടെ കൂലിയിൽ വർദ്ധനവ് വരുത്താൻ വ്യാപാരസ്ഥാപന പ്രതിനിധികളുടെയും യൂണിയൻ തൊഴിലാളി നേതാക്കളുടെയും ചർച്ചയിൽ തീരുമാനമായി. ഇക്കഴിഞ്ഞ മാസം നല്കിയ കൂലിയിൽ നിന്നും ട്രേഡ് യൂണിയൻ തൊഴിലാളികൾക്ക് 18 ശതമാനം വർദ്ധനവ് വരുത്താനാണ് തീരുമാനമായത്. ചർച്ചയിൽ ചുമട്ട് തൊഴിലാളി യൂണിയൻ നേതാക്കളായ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എ നിസാർ, പ്രസിഡന്റ് ആർ.എസ് സതീശൻ, മർച്ചന്റ് അസോസിയഷേൻ ഭാരവാഹികളായ ബിജു ആന്റണി കയ്യാലപ്പറമ്പിൽ, ടോമിച്ചൻ അയ്യരുകുളങ്ങര, അൻസാർ തങ്കച്ചൻ, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ജി.സുരേഷ് ബാബു, സെക്രട്ടറി ജോജി ജോസഫ്, വിവിധ യൂണിയൻ നേതാക്കളായ വി.ഡി ഓമനക്കുട്ടൻ, എം.മുഹമ്മദ് ഷാജി, പി.കെ ഷാജി എന്നിവർ പങ്കെടുത്തു.