rd
തകർന്നു കിടക്കുന്ന ആശ്രമം-കൂമ്പാടി റോഡ്

ചങ്ങനാശേരി: രണ്ടുവർഷമായി ഹോമിയോ റിസേർച്ച് സെന്ററിൽ നിന്നും കൂമ്പാടിയിലേക്കുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട്. തകർന്ന റോഡിലൂടെ പോയി നാട്ടുകാരുടെ നടുവൊടിഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ല. വെള്ളപ്പൊക്ക ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടു വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയെങ്കിലും ആറു മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നുവെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ടാറിംഗ് പണിയിൽ അപാകതയുണ്ടെന്ന് അന്നേ സമീപവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ടാർ ഇളകിമാറി റോഡിൽ ഉരുളൻ കല്ലുകൾ പ്രത്യക്ഷമായതോടെ ഇരുചക്രവാഹന യാത്രയും കാൽനടയാത്രയും ഒരേപോലെ ദുഷ്‌കരമായി. ഈ റോഡിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നത് നിത്യസംഭവമായിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാല യാത്ര പ്രയാസകരമായി. കുറിച്ചി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ജനവാസകേന്ദ്രത്തിലേക്കുള്ള ഈ റോഡ് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ഇത്തിത്താനം വികസനസമിതി ആവശ്യപ്പെട്ടു.