wst
തകർന്നു കിടക്കുന്ന പൊടിപ്പാറ പമ്പ് ഹൗസ് റോഡിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ

ചങ്ങനാശേരി: മാലിന്യം തള്ളാൻ മാത്രമായി ജില്ലയിലൊരു റോഡ്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ പൊടിപ്പാറപമ്പുഹൗസ് റോഡിലാണ് ആളുകൾ തേടിവന്ന് മാലിന്യം നിക്ഷേപിച്ച് കടന്നുകളയുന്നത്. ദൂരെ സ്ഥലങ്ങളിൽനിന്നുപോലും നിരവധി പേരാണ് മാലിന്യവുമായി കാറുകളിലും ബൈക്കുകളിലും ഓട്ടോറിക്ഷകളിലും എത്തുന്നത്. ഈ റോഡിലുള്ള വഴിവിളക്കുകൾ മിഴികൾ അടച്ചിട്ട് ആറുമാസത്തിലധികമായി.

സാമൂഹ്യവിരുദ്ധർ എറിഞ്ഞുടച്ചതാണ് വഴിവിളക്കുകളിലെ ബൾബുകൾ. മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യാർത്ഥമാണ് ഒരുകൂട്ടം ആളുകൾ ബൾബുകൾ നശിപ്പിച്ചത്. കോഴിവേസ്റ്റുകൾ അടങ്ങിയ പത്തിലധികം ചാക്കുകൾ സ്ഥിരമായി ആരോ ഇവിടെ കൊണ്ടിടുന്നുണ്ട്. കൂടാതെ അറവുശാലയിൽ നിന്നും തള്ളുന്ന മാംസാവശിഷ്ടങ്ങളും വീടുകളിൽ നിന്നുള്ള വേസ്റ്റുകളും നിക്ഷേപിക്കുന്നത് ഇവിടെതന്നെ.

ചാലച്ചിറയിൽ നിന്നും മലകുന്നത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗമാണ് ഈ റോഡ്. പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലേക്കും മലകുന്നം ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. എൽ.പി സ്‌കൂൾ, ഇത്തിത്താനം സർവ്വീസ് സഹകരണ ബാങ്ക്, എം.സി. റോഡ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. തകർന്നു കിടക്കുന്ന ചാലച്ചിറ-അഞ്ചൽകുറ്റി റോഡിലൂടെ ഉള്ളതിനേക്കാൾ രണ്ടു കിലോമീറ്റർ കുറച്ചു സഞ്ചരിച്ചാൽ മതി പമ്പുഹൗസ്‌-പൊടിപ്പാറ റോഡിലൂടെ എം.സി. റോഡിലെത്താൻ. യാത്രക്കാർക്ക് സമയലാഭവും ഇന്ധനലാഭവും ഉള്ള ഈ റോഡിൽ സി.സി.ടി.വി സ്ഥാപിച്ചാൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനാവും. വഴിവിളക്കുകൾ പുന:സ്ഥാപിക്കണമെന്നും ഇത് തകർക്കാൻ എത്തുന്നവരെ പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇരു വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ വാർഡുമെമ്പർമാർ തമ്മിലുള്ള മത്സരമാണ് ഈ റോഡിനെ അവഗണിക്കാനുള്ള കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ജയിച്ചുപോയതിൽ പിന്നെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.