vellakkal-road

കുറവിലങ്ങാട്: റോഡിന് വീതി കൂട്ടി, ശേഷം പണിത കലുങ്ക് ഇടുങ്ങിത്തന്നെ. പി.ഡബ്ല്യു.ഡി എൻജിനീയർമാക്ക് ഇങ്ങനെ അബദ്ധം പറ്റുമോ! വെമ്പള്ളി നടുക്കവലയിൽ നിന്ന് വയലായിലേക്ക് പോകുന്ന വെമ്പള്ളി - വെള്ളാക്കൽ റോഡിലെത്തിയാൽ ആരും ചോദിച്ചു പോകും ഈ ചോദ്യം.ആറുമാസം റോഡ് മുമ്പ് റോഡിന് വീതികൂട്ടി ടാർ ചെയ്ത് ഇരുവശങ്ങളിലും സിമന്റ് ചെയ്ത് വെള്ള ബോർഡർ ലൈനും വരച്ച ശേഷമാണ് രണ്ട് മാസം മുമ്പ് അശാസ്ത്രീയമായി കലുങ്ക് നിർമ്മിച്ചത്. കാൽ നടക്കാരും ബൈക്ക് യാത്രക്കാരും ജീവൻ കൈയിലെടുണ് ഇതുവഴി യാത്രചെയ്യുന്നത്.

കഷ്ടിച്ച് വാഹനം കടന്നുപോവാൻ വിധത്തിലാണ് കലുങ്ക് നിർമ്മിച്ചിട്ടുള്ളത്. വാഹനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ വരച്ചിരിക്കുന്ന വെള്ള ബോർഡർ ലൈൻ കലുങ്കിന്റെ കൈവരിയോട് ചേർന്നാണ് കടന്നുപോകുന്നത്. വഴിയരികിലെ കോൺക്രീറ്റ് ചെയ്ത ഭാഗത്തുകൂടി നടന്നുവരുന്ന യാത്രക്കാരന് കലുങ്ക് മുറിച്ച്കടന്ന് യാത്ര തുടരണമെങ്കിൽ നടുറോഡിലേക്ക് ഇറങ്ങണം. ഇരുവശങ്ങളും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ വാഹനത്തിന്റെ അടിയിൽപെട്ടതുതന്നെ. തന്നെയുമല്ല, പുതിയ റോഡായതിനാൽ വാഹനങ്ങൾ നല്ല വേഗതയിലാണ് എത്തുന്നത്. കണ്ണൊന്നുതെറ്റുകയോ എതിർദിശയിൽ നിന്നും വാഹനം വരികയോ ചെയ്താൽ വാഹനം തോട്ടിൽ പതിക്കും. കലുങ്കിന്റെ കൈവരിയിൽ റിഫ്ലക്ടർ പതിപ്പിക്കാത്തതിനാൽ രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾ അരുകുചേർത്താൽ തോട്ടിൽ വീണതുതന്നെ.

അശാസ്ത്രീയമായ കലുങ്കുനിർമ്മാണവും കൈവരി നിർമ്മാണവുമാണ് ഇതിന് കാരണം. കലുങ്കിന്റെ ഭാഗം വീതി കൂട്ടി പണിയുന്നതിന് പകരം റോഡിനേക്കാൾ വീതി കുറച്ച് ടാറിംഗിന്റെ വീതിയിൽ നിർമ്മിച്ചിക്കുകയായിരുന്നു. റോഡിന്റെ സംരക്ഷണ ഭിത്തിയും കലുങ്കിന്റെ കൈവരികളും ബന്ധിപ്പിച്ച് ഫുട്പാത്തിന് കുറുകെ സംരക്ഷണ വേലി ഉണ്ടാക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ കല്ലാലിപാലം തകർന്നതിനാൽ ഈ വഴിയാണ് ജനം ആശ്രയിക്കുന്നത്. അതോടെ ഈ റോഡിൽ വാഹനത്തിരക്ക് വർദ്ധിച്ചിരിക്കയാണ്. കാൽനടയാത്രക്കാർക്ക് ഉപകരിക്കുന്ന വിധത്തിൽ കൈവിരക്ക് പുറത്തു കലുങ്കിന് വീതി കൂട്ടി നിർമ്മാണം നടത്തണമെന്നും കൈവരിയിൽ റിഫ്ലെക്റ്ററുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.