omman


ഉദ്ഘാടനം സോണിയഗാന്ധി

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണജൂബിലി 17ന് കോട്ടയത്ത് ആഘോഷിക്കും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദർശന ഓഡിറ്റോറിയത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സമ്മേളനം നടത്തുക. സൂം മീറ്റിംഗിലൂടെ സോണിയഗാന്ധി, രാഹുൽഗാന്ധി, എ.കെ ആന്റണി,അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കേരളത്തിലെ രാഷ്ട്രീയ സാമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

പുതുപ്പള്ളി മണ്ഡലത്തെ തുടർച്ചയായി 50 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായി. കോൺഗ്രസിൽ അപൂർവമായ റിക്കാർഡാണ് ഉമ്മൻചാണ്ടി കുറിച്ചിരിക്കുന്നത്. അന്തരിച്ച കെ.എം മാണി 53 വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചതാണ് നേരത്തെയുള്ള റെക്കാഡ്. കോൺഗ്രസിൽ ഈ അപൂർവ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ ഏക നേതാവാണ് ഉമ്മൻചാണ്ടി.

പുതുപ്പള്ളിയിൽ നിന്ന് 1970 സെപ്തംബർ 17നാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. 7288 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആദ്യ വിജയം. പിന്നീട് നടന്ന 10 തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കൂട്ടി പുതുപ്പള്ളിയിൽ നിന്നും ഉമ്മൻചാണ്ടി നിയമസഭയിലെത്തി.