അടിമാലി: ഒരുമാസംമുമ്പൊരു പെരുമഴയിൽ തകർന്നതാണ്ഇവരുടെ വീട്, പക്ഷെ സഹായം ഇനിയും അകലെയാണ്. കൃത്യമായി പറഞ്ഞാൽ പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം. ഒറ്റപ്പെട്ട പ്രശ്നങ്ങൾ സാധാരണപോലെ ഇവിടെയും അധികൃതരുടെ ശ്രദ്ധയിൽ പതിയാതെപോയി.കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിൽ വീട് നഷ്ടമായ കുടുംബമാണ് പള്ളിവാസൽ സ്വദേശിയായ ചെല്ലദുരൈയുടേത്. ശക്തമായ മഴയിൽ വീടിന് സമീപമുണ്ടായിരുന്ന കോൺക്രീറ്റ് ഭിത്തിയും മണ്ണും ഇടിഞ്ഞ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ മേൽക്കൂരയുൾപ്പെടെ പൂർണ്ണമായി തകർന്നു. ചെല്ലദുരൈയുടെ ഭാര്യയും മകളും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.സംഭവശേഷം വാടക വീടിലേക്ക് താമസം മാറിയ തങ്ങൾക്ക് അർഹമായ സർക്കാർ സഹായം ലഭ്യമാക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.വീട് തകർന്നതിന് പിന്നാലെ ചെല്ലദുരൈ വിവരം പഞ്ചായത്തധികൃതരേയും വില്ലേജധികൃതരേയും അറിയിച്ചിരുന്നു.ഉദ്യോഗസ്ഥരെത്തി നിജസ്ഥിതി മനസിലാക്കുകയും ചെയ്തു.തുച്ഛവരുമാനക്കാരനായ തനിക്ക് അധികനാൾ വീട്ടു വാടക നൽകി മുമ്പോട്ട് പോകാനാവില്ലെന്ന് ചെല്ലദുരൈ പറയുന്നുബേക്കറി ജീവനക്കാരനായ ചെല്ലദുരൈയുടെ ജീവിത മാർഗ്ഗം കൊവിഡ് ഭീതിയിൽ പ്രതിസന്ധിയിലാണ്. സർക്കാർ സഹായത്തിന് വേഗതവേണമെന്ന ആവശ്യമാണ് ചെല്ലദുരൈക്കും കുടുംബത്തിനും മുമ്പോട്ട് വയ്ക്കാനുള്ളത്.