peshobhan

വടയാർ : നൊന്തുകലങ്ങിയ ചങ്കിലെ ചോരയിൽ മുക്കിയെടുത്ത ചെങ്കൊടിയുടെ നിറമാണ്. പക്ഷെ പ്രത്യയ ശാസ്ത്രത്തിനതീതമായി ആർദ്രമായ സൗഹൃദങ്ങളുടെ ഗന്ധമുണ്ട് ഈ കാത്തിരുപ്പ് കേന്ദ്രത്തിന്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തംഗവും സി.പി.എം വടയാർ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കെ.പി.പ്രശോഭന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ ചേർന്ന് വടയാർ ഇളങ്കാവ് ജംഗ്ഷനിൽ പണി കഴിപ്പിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു.

വടയാർ കുന്നിമംഗലത്ത് കെ.പി.പ്രശോഭൻ എസ്.എഫ്.ഐ യിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ഡി.വൈ.എഫ്.ഐയുടെ മുന്നണിപ്പോരാളായി. വടയാറിലെ സി.പി.എമ്മിന്റെ ജനകീയ മുഖങ്ങളിലൊന്നായിരുന്നു പ്രശോഭൻ. അത് പ്രശോഭനെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെത്തിച്ചു. ഉറച്ച രാഷ്ട്രീയ നിലപാടുകൾക്കൊപ്പവും രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളായിരുന്നു പ്രശോഭനെ വേറിട്ടു നിറുത്തിയിരുന്നത്.

വൃക്കകൾ തകരാറിലായതിനെ തുടർന്ന് 41-ാം വയസ്സിൽ 2018 സെപ്തംബർ 24നായിരുന്നു അന്ത്യം. വൃക്കമാറ്റിവയ്ക്കലടക്കമുള്ള വിദഗ്ദ്ധ ചികിത്സകളിലൂടെ പ്രശോഭന്റെ ജീവൻ രക്ഷിക്കാൻ പാർട്ടിയും സുഹൃത്തുക്കളും എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വികസനവഴികളിലെ ഒരുപാട് സ്വപ്നങ്ങൾ ബാക്കിവച്ച് പ്രശോഭൻ വിടപറഞ്ഞു. അവിവാഹിതനായിരുന്നു. യന്ത്രവൽക്കരിക്കപ്പെടുന്ന മനസുകൾക്കും സ്ഥാപനവൽക്കരിക്കപ്പെടുന്ന വ്യക്തികൾക്കുമിടയിൽ സ്നേഹത്തിന്റെ കാരുണ്യവും സൗഹൃദത്തിന്റെ ആർദ്രതയും എന്നും ഹൃദയത്തിൽ സൂക്ഷിച്ച പ്രശോഭന് ഉചിതമായ സ്മാരകം വേണമെന്ന സുഹൃത്തക്കളുടെ ആഗ്രഹമാണ് കാത്തിരുപ്പ് കേന്ദ്രം. അവരിൽ പല രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരുണ്ട്. പല തലങ്ങളിൽ പ്രവർത്തിക്കുന്നവരുണ്ട്. കെ.പി.പ്രശോഭൻ എന്ന പൊതുപ്രവർത്തകന്റെ രാഷ്ട്രീയ ജീവിതത്തിലെ വെണ്മ, വ്യക്തിജീവിതത്തിലെ നന്മ ഇതാണ് അവരെ ഈയൊരു കാര്യത്തിനായി ഒരുമിപ്പിച്ചത്. പൊതുജനങ്ങളിൽ നിന്ന് പിരിവെടുക്കാതെ സുഹൃത്തുക്കൾ സ്വയം സമാഹരിച്ച തുക ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. കാത്തിരുപ്പ് കേന്ദ്രത്തിന്റെ സമർപ്പണ ചടങ്ങിൽ സി.പി.എം തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയംഗം അഡ്വ.എൻ.ചന്ദ്രബാബു, വടയാർ ലോക്കൽ സെക്രട്ടറി വി.കെ.രവി, ബ്ലോക്ക് പഞ്ചായത്തംഗം സി.എൻ.സന്തോഷ് തുടങ്ങിയവരും പ്രശോഭന്റെ സുഹൃത്തുക്കളും പങ്കെടുത്തു.