കറുകച്ചാലിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിൽ
കറുകച്ചാൽ: മഴക്കാലമായാലും വേനൽക്കാലമായാലും കറുകച്ചാലിൽ കുടിവെള്ളം കിട്ടാക്കനിയാണ്. ദുരിതഭാരം മൂലം പ്രദേശവാസികൾ പലവട്ടം പരാതി പറഞ്ഞു. പക്ഷേ എന്തുപ്രയോജനം.ജലവിതരണ വകുപ്പിന്റെ പൈപ്പുലൈനുകൾ എല്ലാ പഞ്ചായത്തിലുമുണ്ട്. പൊതുടാപ്പുകളടക്കം പ്രവർത്തന രഹിതമാകുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ ഒരുക്കമല്ല. പൊതുടാപ്പുകളിൽ നിന്നും ഗാർഹിക കണക്ഷനുകളിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് പ്രതിവർഷം ജലവിതരണ വകുപ്പിന് ലഭിക്കുന്നത്. വേനൽക്കാലത്തും മഴക്കാലത്തും ജലവിതരണ വകുപ്പിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. എന്നാൽ ഭീമമായ തുക മുടക്കുമ്പോഴും ജനങ്ങൾക്ക് പ്രയോജനം കിട്ടുന്നില്ല. പൈപ്പുപൊട്ടൽ പതിവായതോടെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പരാതികൾ ഏറുമ്പോഴും പ്രവർത്തനം ഊർജിതമാക്കാൻ അധികൃതരും ഒരുക്കമല്ല.
പഴക്കം ചെന്ന പൈപ്പുകൾ
പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകളാണ് ഇന്നും ജലവിതരണ വകുപ്പ് ഉപയോഗിക്കുന്നത്. റോഡുകൾ ഉന്നത നിലവാരത്തിൽ പുനർനിർമിച്ചപ്പോൾ പൈപ്പുകൾ പുനസ്ഥാപിക്കാനോ, തകരാർ പരിഹരിക്കുകയോ ചെയ്തില്ല. ശക്തമായി വെള്ളം തുറന്നു വിടുമ്പോൾ പഴയ പൈപ്പുൾ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. 70 ശതമാനത്തോളം പൈപ്പുകളും കാലപ്പഴക്കത്താൽ തകർന്നു. പൊതുടാപ്പുകളിൽ ഭൂരിഭാഗവും തകർന്ന് വെള്ളം പാഴാകുകയാണ്. പൈപ്പുപൊട്ടലിനെ തുടർന്ന് ഉന്നത നിലവാരത്തിൽ നിർമിച്ച റോഡുകളെല്ലാം തകർന്നു തുടങ്ങി. കറുകച്ചാൽ മണിമല റോഡിൽ മിക്കയിടങ്ങളിലും പൈപ്പുപൊട്ടിയാണ് ടാറിംഗ് തകർന്നത്.
പാഴാകുന്നത് ലക്ഷങ്ങൾ
പൊതുടാപ്പുകൾക്കായി ലക്ഷങ്ങളാണ് പഞ്ചായത്തുകൾ പ്രതിവർഷം മുടക്കുന്നത്. എന്നാൽ ഭീമമായ തുക പാഴാകുന്നതല്ലാതെ ഗുണഭോക്താക്കൾക്ക് പ്രയോജനം കിട്ടുന്നില്ല. കറുകച്ചാൽ പഞ്ചായത്ത് 221 ടാപ്പുകൾക്കായി 96688 രൂപയും നെടുംകുന്നം പഞ്ചായത്ത് 88 പൊതുടാപ്പുകൾക്ക് 38,016 രൂപയും കങ്ങഴ പഞ്ചായത്ത് 152 ടാപ്പുകൾക്കായി 67375 രൂപയുമാണ് പ്രതിവർഷം അടയ്ക്കുന്നത്. ഇത്രയും വലിയ തുക അടച്ചിട്ടും പ്രദേശത്തെ ജലവിതരണ ഊർജിതമാക്കാൻ ജലവിതരണ വകുപ്പിന് കഴിയുന്നില്ല.
മേഖലയിൽ ജലവിതരണം ഊർജ്ജിതമല്ല. പരാതികൾ പറഞ്ഞാലും പലപ്പോഴും കൃത്യമായ നടപടി സ്വീകരിക്കാറില്ല. വല്ലപ്പോഴും മാത്രമാണ് വെള്ളം എത്തുന്നത്. ഇത് എല്ലാ പ്രദേശങ്ങളിലും കിട്ടാറുമില്ല.
ബി.ബിജുകുമാർ. (കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ്)