പാലാ : നിർദ്ധനരും ഗുരുതര രോഗബാധിതരുമായ കിടപ്പുരോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ നിരവധി ക്ഷേമ പെൻഷനുകൾ നിലവിലുണ്ടെങ്കിലും പാവപ്പെട്ടവരായ ഗുരുതര രോഗത്തിന് അടിമകളായവർക്ക് സ്ഥിരമായ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. പരസഹായത്താൽ മാത്രം മരുന്നും ചികിത്സയുമായി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളുടെ ദയനീയാവസ്ഥ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം. മാണിയുടെ ഓർമ്മ നിലനിർത്തുന്നതിന് യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മറ്റി ജില്ലയിൽ ഉടനീളമുള്ള നിർദ്ധനരായ കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പാലായിൽ നടത്തപ്പെട്ട സമാപന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
412 പേർക്കാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കിറ്റുകൾ വിതരണം ചെയ്തത്. കാരുണ്യ എന്നവാക്ക് കെ.എം.മാണിയുടെ പേരിന് പര്യായമായി മാറിക്കഴിഞ്ഞതായി ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, പെണ്ണമ്മ തോമസ്, കുഞ്ഞുമോൻ മാടപ്പാട്ട്, ബിജു ഇളംതുരുത്തിയിൽ, സുനിൽ പയ്യപ്പള്ളിൽ, ജോസുകുട്ടി പൂവേലിൽ, സന്തോഷ് കമ്പകത്തുങ്കൽ, ശ്രീകാന്ത് എസ്. ബാബു, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ഫെലിക്‌സ് വെളിയത്ത്, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയിൽ, ഷിജി നാഗനൂലിൽ, ബിജു മഴുവഞ്ചേരി, ജൂബിൾ പുതിയമഠം, അലൻ കിഴക്കേക്കുറ്റ്, റെനിറ്റോ താന്നിക്കൽ, ബിനീഷ് പാറാംതോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.