പാലാ : തുലാ മഴയ്ക്ക് മുൻപായി മീനച്ചിലാറിന്റെ ആഴം വർദ്ധിപ്പിക്കണമെന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. പ്രളയത്തിൽ നിന്ന് മീനച്ചിലാറിന്റെ തീരത്തുള്ളവരെയും പാലാ- ഈരാറ്റുപേട്ട മേഖലകളിൽ ഉൾപ്പെടെയുള്ള വ്യാപാര സമൂഹത്തേയും രക്ഷപ്പെടുത്താൻ ഇതിലൂടെ കഴിയും. മീനച്ചിലാറിന്റെ പല ഭാഗത്തും കുന്നുപോലെ ചെളി കൂടിക്കിടക്കുകയാണ്. ചെറിയ വൃക്ഷങൾ പോലും വളർന്നു നിൽക്കുന്നു. ചെക്ക് ഡാമുകളിലും ചെളിയും മാലിന്യങ്ങളും കൂടിക്കിടക്കുകയാണ്. ഇതും എത്രയും വേഗം നീക്കി നീരൊഴുക്ക് സുഗമമാക്കണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇതിനായി വിശദമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണിനെത്തുടർന്ന് വ്യാപാരനഷ്ടം മൂലം കടക്കെണിയിലായ വ്യാപാരി സമൂഹത്തിന് പ്രളയത്തിൽ ഉണ്ടായത് എക്കാലത്തെയും വലിയ നഷ്ടമാണ്. പ്രകൃതിക്ഷോഭ നഷ്ടത്തിൽ കണക്കാക്കി ഇവർക്ക് സഹായം ലഭ്യമാക്കണമെന്നും ദുരിതാശ്വാസനിധി, ക്ഷേമനിധിവിഹിതം, റിവർ മാനേജേമെന്റ് ഫണ്ട് എന്നീ പദ്ധതികളിൽ നിന്ന് സഹായം നൽകണമെന്നും എം.പി. ആവശ്യപ്പെട്ടു.