jose-k-mani-pj-joseph

കോട്ടയം: പാർട്ടി ചിഹ്നവും കേരളകോൺഗ്രസ് (എം) പാർട്ടി എന്ന് ഉപയോഗിക്കാൻ അവകാശവും ലഭിച്ച ജോസ്.കെ മാണി കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ മത്സരിക്കാനിരിക്കുന്ന പി.ജെ. ജോസഫ് വിഭാഗത്തെ വെട്ടാൻ രണ്ടില ചിഹ്നം വച്ച് കളിച്ചേക്കും.

2016ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജേക്കബ് എബ്രഹാമിനെ ജോസഫ് വിഭാഗം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ജോസ് വിഭാഗം അഞ്ചംഗ സമിതിയും രൂപീകരിച്ചു. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് നീണ്ടു പോയത് നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ ഇരു വിഭാഗവും സ്ഥാനാർത്ഥി കാര്യത്തിൽ വീണ്ടും പോരടിക്കും.

കുട്ടനാട് സീറ്റിൽ അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയായി. ജോസ് വിഭാഗം നിലവിൽ യു.ഡി.എഫിൽ ഇല്ലാത്ത സാഹചര്യത്തിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ലെന്നാണ് ഉന്നത നേതാവ് പറഞ്ഞത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയുടെ അനുകൂലമായ സാഹചര്യം ചർച്ചചെയ്യാൻ നാളെ ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി കോട്ടയത്ത് വിളിച്ചിട്ടുണ്ട്. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ വിഷയവും ചർച്ച ചെയ്യുമെന്ന് നേതാവ് അറിയിച്ചു.

കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനായ പി.ജെ.ജോസഫിനുണ്ടായിരുന്നപ്പോഴാണ് തിരഞ്ഞെടുപ്പ് നീണ്ടത്. കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയോടെ പാർട്ടിയുടെ പേരും ചിഹ്നവും ജോസിന് ലഭിച്ചു. ഇത് സീറ്റിനായുള്ള അവകാശവാദം ശക്തമാക്കാൻ ജോസിനെ സഹായിക്കും.

യു.ഡി.എഫിൽ ഇല്ലാത്ത ജോസ് വിഭാഗത്തിന് സീറ്റ് നൽകാൻ സാദ്ധ്യത കുറവാണ്. അല്ലെങ്കിൽ മുന്നണി പ്രവേശനം ഉടൻ ഉണ്ടാകണം. ജോസഫിന്റെ എതിർപ്പ് മറികടക്കണം. ഇനി ജോസഫിന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചാലും നിയമപരമായി രണ്ടില ചിഹ്നം ലഭിക്കില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസഫ് നൽകാതെ വന്നതോടെ ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോം കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ച് തോറ്റതിന്റെ പ്രതികാരമായി രണ്ടില ചിഹ്നം ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് ജോസ് അനുവദിക്കില്ലെന്നുറപ്പാണ്. അങ്ങനെ വന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ ജോസഫ് സ്ഥാനാർത്ഥിക്ക് മത്സരിക്കേണ്ടി വരും.

കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം നടത്താൻ ജോസ് നിർബന്ധിതനാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി രഹസ്യ ധാരണയ്ക്കുള്ള നീക്കം ജോസ് നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ജോസഫിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഇടതു മുന്നണിയുമായി രഹസ്യധാരണ ഉണ്ടാക്കുമോ എന്നാണറിയേണ്ടത്. ജോസ്, ജോസഫ് തർക്കപ്രശ്നം തലവേദനയാകാതിരിക്കാൻ കുട്ടനാട് സീറ്റ് കേരളകോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.