കട്ടപ്പന: പ്രസവവേദനയിൽ യുവതി സർക്കാർ ആശുപത്രി വരാന്തയിൽ കഴിച്ചുകൂട്ടിയത് നാലുമണിക്കൂർ, പരിശോധന പോലും നടത്താതെ മൂത്രത്തിൽ അണുബാധയെന്നു പറഞ്ഞ് തിരിച്ചയച്ചു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവം. പൂർണ ഗർഭിണിയായിരുന്ന കട്ടപ്പന സ്വദേശിനി രാജേശ്വരിക്കാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്. മകൾക്ക് നേരിടേണ്ടിവന്ന ദുരനുഭവം സംബന്ധിച്ച് വലിയകണ്ടം പുത്തൻപുരയ്ക്കൽ പി.എം. ഗണേശൻ, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന് പരാതി നൽകി.
അവിട്ടം ദിനത്തിൽ രാവിലെ പ്രസവവേദന അനുഭവപ്പെട്ട രാജേശ്വരിയെ വാഹനത്തിൽ 11ഓടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒ.പി. ടിക്കറ്റ് എടുത്ത് മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ കഴിച്ചുകൂട്ടിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഉച്ചകഴിഞ്ഞ് മൂന്നോടെ അച്ഛൻ ഗണേശൻ ക്യാബിനിൽ കയറി വിവരം ധരിപ്പിച്ചപ്പോൾ ഗൈനക്കോളജി വിഭാഗം ഡോക്ടർ പരുഷമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് പരിശോധന പോലും നടത്താതെ മൂത്രത്തിൽ അണുബാധ മൂലമാണ് വേദന അനുഭവപ്പെടുന്നതെന്നു പറഞ്ഞ് മരുന്ന് കുറിച്ചുനൽകി തിരിച്ചയച്ചു. വീട്ടിലെത്തി വൈകിട്ടോടെ വീണ്ടും പ്രസവവേദന അനുഭവപ്പെട്ട രാജേശ്വരിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നോടെ ശസ്ത്രക്രിയ ഇല്ലാതെ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. അമ്മയും കുഞ്ഞും അടുത്തദിവസം ആശുപത്രി വിടും.ചെരുപ്പുതുന്നൽ തൊഴിലാളിയാണ് ഗണേശൻ.