idran


അടിമാലി: ബൈസൺവാലിയിലെ ആറ്റുകാട് ഭാഗത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തോട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി. പേത്തലക്കുടി ആദിവാസി കോളനിയിലെ ഇന്ദ്രനെ (32) യാണ് സാഹസികമായി രക്ഷപെടുത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ചൊക്രമുടി മലനിരകളുടെ ഭാഗമായ നെല്ലിക്കാട് ഭാഗത്ത് ഉച്ച കഴിഞ്ഞ് ഒറ്റപ്പെട്ട കനത്ത മഴയാണ് അനുഭവപ്പെട്ടത്. മൂന്നാർ പോതമേടിനും കുഞ്ചിത്തണ്ണി ഇരുപതേക്കറിനും ഇടയിലുള്ള നെല്ലിക്കാട് ഭാഗത്തെ ഏലത്തോട്ടത്തിൽ പണിക്ക് പോയ സംഘത്തിൽ ഉണ്ടായിരുന്ന ഇന്ദ്രൻ ജോലികഴിഞ്ഞ് മടങ്ങുംവഴി ആളയാർ തോട്ടിൽ കുളിക്കാനിറങ്ങി. ഈ സമയം മലമുകളിൽ നിന്നും ശക്തമായ വെള്ളം ഒഴുകിയെത്തി. തോട്ടിലെ പാറയിൽ കയറിനിന്നതുകൊണ്ട് ഇയാൾ ഒഴുക്കിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. തോട് ഇരുകരകളും കവിഞ്ഞ് ഒഴുകിയതുമൂലം മറുകരയിൽ എത്താനായില്ല. തുടർന്ന് പ്രദേശവാസികൾ എത്തി വടം എറിഞ്ഞുകൊടുത്ത് രക്ഷപെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അടിമാലി ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി.
ഉച്ചകഴിഞ്ഞ് പെയ്യുന്ന കനത്ത മഴ യാണ് .മുൻ വർഷങ്ങളിൽ സമാനമായ രീതിയിൽ മഴ പെയ്തപ്പോൾ ഇരുട്ടള ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഈ വർഷം ഗ്യാപ്പ് റോഡിൽ ഉണ്ടായ ഉരുൾപൊട്ടലുകളും മലയോരവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.