കട്ടപ്പന: തിരുവോണ ദിനത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർത്ത കേസിൽ നാല് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. കട്ടപ്പന ബ്ലോക്ക് സെക്രട്ടറി കുന്തളംപാറ കാരിക്കുന്നേൽ ജിബിൻ മാത്യു(29), ബ്ലോക്ക് കമ്മിറ്റി അംഗം കണ്ണങ്കരതറയിൽ ഫൈസൽ ജാഫർ(28), കൊച്ചുതോവാള ഇളംതുരുത്തിയിൽ ഷെബിൻ(27), പാറക്കടവ് പുത്തൻപുരയ്ക്കൽ രഞ്ജിത്ത്(27) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെഞ്ഞാറംമൂട് കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കട്ടപ്പനയിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഓഫീസുകൾനേരെ അക്രമമുണ്ടായത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനാലകളും കൊടിമരവും ടി.ബി. ജംഗ്ഷനിലെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ വാതിലും ജനാലച്ചില്ലുകളും നശിപ്പിച്ചിരുന്നു.