കട്ടപ്പന:വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡി സ്‌കൂളിന്റെ മികവിനു പിന്നിൽ എന്നും പ്രിൻസിപ്പൽ ജിജി ജോർജ് നിലയുറപ്പിച്ചിരുന്നു. ഹയർ സെക്കൻഡറി വിഭാഗം സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം അദ്ദേഹത്തിനു അർഹതയ്ക്കുള്ള അംഗീകാരമായി മാറി. 2015ൽ തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രിൻസിപ്പലായി ആദ്യനിയമനം. 2018 വെള്ളയാംകുടി സ്‌കൂളിൽ പ്രിൻസിപ്പലായും ഇംഗ്ലീഷ് അദ്ധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. കലാകായികശാസ്ത്ര മേളകളിൽ സ്‌കൂൾ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.
എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയിലൂടെ ലഹരി വിരുദ്ധ ബോധവത്കരണം, കൃഷി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ആതുരാലയ സഹായം എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. 2019ൽ എ.എച്ച്.എസ്.ടി.എയുടെ ടീച്ചർ ഓഫ് ദി ഇയർ അവാർഡും ജിജി ജോർജിനു ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനും ഓൺലൈൻ പഠനം മെച്ചപ്പെടുത്താനും മുൻപന്തിയിലുണ്ടായിരുന്നു. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക അഞ്ജുമോൾ അഗസ്റ്റിൻ ഭാര്യയാണ്. മക്കൾ: എഡ്വിന, റോഷ്, എയ്ഞ്ചലീന, ഓസ്റ്റിൻ.