വൈക്കം : കൂവത്ത് നിന്ന് വനം നോർത്ത് പാടശേഖരത്തിലെത്താൻ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. പാടശേഖരത്തിനു നടുവിൽ ഗതാഗത സൗകര്യമില്ലാതെ വെള്ളക്കെട്ടിൽ കഴിയുന്ന ആറ് കർഷക തൊഴിലാളി കുടുംബങ്ങളുടെ യാത്രാ ദുരിതം മാറ്റാനും വനം നോർത്ത് പാടശേഖരത്തിലെ കൃഷി വികസനത്തിനും തോടിന് കുറുകെ പാലം വേണം. തലയാഴം പഞ്ചായത്തിലെ കൂവം ഭാഗത്തെയും വനം നോർത്ത് പാടശേഖരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത് തോടിനു കുറുകെ ഇട്ട താത്കാലിക പാലമാണ്.

പാടശേഖരത്തിലേക്ക് വിത്തും വളവും കൊണ്ടു പോകാനും വിളവെടുപ്പ് കഴിഞ്ഞാൽ നെല്ല് കൊണ്ടുപോകാനുമൊക്കെ കർഷകർ ഏറെ പ്രയാസം നേരിടുന്നു. ഇവിടെ താമസിക്കുന്നവർ കൃഷി കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റിയാൽ മാസങ്ങളോളം വള്ളത്തിലാണ് യാത്ര.75 വർഷമായി ആറു മാസത്തോളം വെള്ളം നീന്തിയും വള്ളത്തിലേറിയും വീട്ടിലെത്തുകയും പുറം ലോകത്തുമെത്തുകയാണ് ഇവർ. സഞ്ചാരയോഗ്യമായ പാതയില്ലാത്തതിനാൽ ഇവിടെ താമസിക്കുന്നവർക്ക് വീട് അറ്റകുറ്റപ്പണിക്ക് കെട്ടിട നിർമ്മാണ സാമഗ്രികളെത്തിക്കാൻ പോലും കഴിയുന്നില്ല. കാർഷിക മേഖലയിലെ പണിയെ ആശ്രയിച്ചും സ്വന്തമായുള്ള കുറച്ചുനിലത്തിൽ കൃഷി ചെയ്തും കഴിയുന്ന കുടുംബങ്ങൾക്ക് സ്വന്തം നിലയ്ക്ക് പാടശേഖരത്തിനു നടുവിലൂടെ വഴിയൊരുക്കാൻ ശേഷിയില്ല.

പദ്ധതി തയ്യാറാക്കി പക്ഷെ ....

തലയാഴംപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ പാടശേഖരത്തിലൂടെ നടപ്പാത തീർക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും യാഥാർത്ഥ്യമായില്ല. പ്രധാന നിരത്തിൽ നിന്ന് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന നാട്ടുതോടിനു സമീപത്തുവരെ റോഡ് എത്തിയിട്ടുണ്ട്. പാലം നിർമ്മിക്കുന്നതിനു മുമ്പ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും സ്ഥലം കിട്ടാതിരുന്നതിനാൽ പാലം നിർമ്മിക്കാനനുവദിച്ച തുക ലാപ്‌സാകുകയായിരുന്നെന്ന് പറയപ്പെടുന്നു.