കോട്ടയം: കോട്ടയത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. അസം സ്വദേശിയെ തട്ടിക്കൊണ്ടുപോയി 30,000 രൂപ കവർന്ന കേസിൽ ഇന്നലെ അറസ്റ്റിലായത് നാലു പേർ. മറിയപ്പള്ളി കളപ്പൂർ കെ.പി ബാബു (അമ്മിണി ബാബു - 54), പെരുമ്പായിക്കാട് സലിം മൻസിലിൽ എസ്.ബി ഷംനാസ് (37), വടവാതൂർ പ്ളാമ്മൂട്ടിൽ സാബു കുര്യൻ (ചാച്ച - 38), അയ്മനം പൂന്ത്രക്കാവ് പതിമറ്റം കോളനിയിൽ ജയപ്രകാശ് (മൊട്ട പ്രകാശ് - 42) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
കുടുംബ സമേതം മാങ്ങാനത്ത് വാടകയ്ക്ക് താമസിക്കുന്ന ഇന്റർലോക്ക് കട്ട നിർമ്മാണ തൊഴിലാളിയായ ആസാം സ്വദേശി അലി അക്ബറിനെ (31) നഗരമദ്ധ്യത്തിൽ നിന്നാണ് വ്യാഴാഴ്ച സംഘം തട്ടിക്കൊണ്ടു പോയത്. മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയതായിരുന്നു അലി. കൊണ്ടുപോകുന്നതിനിടെ ഇയാളെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന്, കോടിമതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇയാളെ ബന്ദിയാക്കിയ ശേഷം ബന്ധുക്കളെ ഫോണിൽ വിളിച്ച് അരലക്ഷം രൂപ ആവശ്യപ്പെട്ടു. അലിയുടെ സുഹൃത്താണ് 30000 രൂപ നൽകി ഇയാളെ മോചിപ്പിച്ചത്. ബാക്കിതുക ഇന്നലെ ഉച്ചയ്ക്ക് 12 ന് ഭാരത് ആശുപത്രി ഭാഗത്തു വച്ച് കൈമാറണമെന്നായിരുന്നു സംഘത്തിന്റെ നിർദേശം. എന്നാൽ അക്രമിസംഘത്തിൽ നിന്ന് രക്ഷപ്പെട്ടതോടെ അലി പൊലീസിൽ പരാതി നൽകി.
ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പണം ഏറ്റുവാങ്ങാൻ എത്തിയ പ്രതികളെ മഫ്തിയിലെത്തിയ ഡിവൈ.എസ്.പിയുടെ സ്ക്വാഡിലെ പൊലീസുകാർ പിടികൂടുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് വ്യക്തമാക്കി. ഒരു മാസം മുൻപ് കഞ്ഞിക്കുഴിയിൽ ദമ്പതിമാരെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത കേസിലും, കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിൽ ചിങ്ങവനത്ത് സ്ത്രീയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച കേസിലും ഇവർ കൂട്ടു പ്രതികളാണ്.