പൊൻകുന്നം : കൊവിഡ് നിയന്ത്രണങ്ങൾ മൂലം അരങ്ങിലെ വെളിച്ചം അണയുകയും സംഗീതക്ലാസുകൾ മുടങ്ങുകയും ചെയ്തപ്പോൾ സംഗീതജ്ഞൻ തലവടി കൃഷ്ണൻകുട്ടി തന്റെ ശിഷ്യന്മാർക്കൊപ്പം ഓൺലൈനിൽ സജീവമായി. ഇപ്പോൾ ഫോർത്ത് ശ്രുതിലയസംഗമം എന്നപേരിൽ ഗുരുവും ശിഷ്യന്മാരും ചേർന്ന് ഫേസ്ബുക്ക് പേജിലൂടെ ദിവസവും ഒരു മണിക്കൂർ സംഗീതാർച്ചന നടത്തുന്നു.

അരനൂറ്റാണ്ടിലേറെയായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന കൃഷ്ണൻകുട്ടിക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ മൂലം നഷ്ടമായത് ചക്രവർത്തിപദം തന്നെയെന്ന് വിശ്വസിക്കുന്നവരുണ്ട്. ജനിച്ചത് ആലപ്പുഴയിലെ തലവടിയിൽ. കഴിഞ്ഞ 40 വർഷത്തിലേറെയായി പ്രവർത്തനം വാഴൂരിൽ. ഇപ്പോൾ പൊൻകുന്നത്ത് താമസിക്കുന്നു. അരങ്ങുകളൊഴിയാത്ത രാവുകളായിരുന്നു തുടക്കത്തിൽ. കച്ചേരി നടത്തിയാൽ ദക്ഷിണപോലെ എന്തെങ്കിലും മതി പ്രതിഫലം. ആരോടും കണക്കുപറയാറില്ല. ജീവിതം കടത്തിൽമുങ്ങി നിൽക്കുമ്പോഴാണ് സിനിമയിൽ ഒരവസരം തേടിയെത്തിയത്.

1983ൽ മുരളി നായകനായ ആദ്യചിത്രം 'ഇനി ഒരു പുതിയവഴി" എന്ന ചിത്രത്തിലെ പാട്ടുകൾക്ക് തലവടി സംഗീതം നൽകി. പക്ഷെ പടം പാതിവഴി മുടങ്ങി. പ്രതീക്ഷകളെല്ലാം തകർന്നു. പിന്നെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഗൾഫിലെത്തി. 23 വർഷത്തെ പ്രവാസിജീവിതത്തിലും സംഗീതംതന്നെയായിരുന്നു ജീവിതമാർഗം. അതുകൊണ്ടുതന്നെ കാര്യമായൊന്നും സമ്പാദിക്കാനായില്ല. തിരിച്ച് നാട്ടിലെത്തി നാടകട്രൂപ്പുകളിലും മറ്റും സജീവമായപ്പോഴാണ് സിനിമയിൽ നിന്ന് വീണ്ടും വിളിയെത്തിയത്. പക്ഷെ വിധി വീണ്ടും ക്രൂരതകാട്ടി. അപകടത്തിൽ പരിക്കേറ്റ ഭാര്യയെ രക്ഷിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്.

നാലുവർഷം ചികിത്സിച്ചെങ്കിലും ഭാര്യയുടെ ജീവൻ രക്ഷിക്കാനായില്ല. അതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നു. വീണ്ടും വേദികളിൽ സജീവമയി. ഒപ്പം പൊൻകുന്നം,കൊടുങ്ങൂർ,കൂരാലി എന്നിവിടങ്ങളിൽസംഗീത ക്ലാസുകൾ തുടങ്ങി. ജീവിതത്തിലെ വില്ലൻ വീണ്ടുെമെത്തി കൊവിഡ് രൂപത്തിൽ. കച്ചേരികളില്ല, ക്ലാസുകളില്ല. ജീവിക്കാൻ മറ്റ് വരുമാന മാർഗ്ഗങ്ങളുമില്ല. സ്വന്തമായി ഒരു കാറുണ്ട്. അതുകൊണ്ട് പെൻഷനും അർഹതയില്ലാതായി. ഏറെക്കാലും പ്രവാസിയായിരുന്നതിനാൽ റേഷൻ കാർഡിന് വെള്ള നിറമാണ്. ദുരിതങ്ങളും കഷ്ടപ്പാടുകളും ഒഴിയാതെ പിന്തുടരുമ്പോഴും സംഗീതത്തെ കൈവിടാതെ ചേർത്തുപിടിച്ചു. ആസ്വാദകഹൃദയങ്ങളിലേക്ക് അത് കുളിർമഴപോലെ പെയ്തിറങ്ങിയ നല്ല നാളുകൾ വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണൻകുട്ടി.