jos

കോട്ടയം: ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് ജോസും ജോസഫും പരസ്പരം പ്രഖ്യാപിച്ചതോടെ ഇനി കുട്ടനാടിന്റെ പേരിൽ പൊരിഞ്ഞ അടി ഉറപ്പായി. പാർട്ടി ചിഹ്നവും കേരള കോൺഗ്രസ് (എം) പാർട്ടി എന്ന് ഉപയോഗിക്കാൻ അവകാശവും ലഭിച്ച ജോസ് കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ രണ്ടില ഇറക്കുമ്പോൾ ചിഹ്നം കൈയിൽ നിന്നു പോയ ജോസഫ് എന്തു കളി നടത്തുമെന്നത് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. യു.ഡി.എഫ് തങ്ങൾക്ക് നേരത്തേ അനുവദിച്ച സീറ്റിൽ മത്സരിക്കുമെന്ന് ജോസഫും കുട്ടനാടിൽ മത്സരിക്കാതെ വയ്യെന്ന് ജോസും വ്യക്തമാക്കി ക്കഴിഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജേക്കബ് എബ്രഹാമിനെ ജോസഫ് വിഭാഗം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ജോസ് വിഭാഗം അഞ്ചംഗ സമിതിയും രൂപീകരിച്ചു. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് നീണ്ടു പോയത് . ഇന്ന് ചേരുന്ന കേരളകോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ മത്സരകാര്യം ജോസ് വിഭാഗം തീരുമാനിക്കും . സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാതിരിക്കാൻ ജോസഫ് തൊടുപുഴ കോടതിയിൽ ഹർജി നൽകിയെങ്കിലും എടുത്തില്ല.

കോൺഗ്രസ് ഏറ്റെടുത്തേക്കും

കുട്ടനാട് സീറ്റിൽ അവകാശവാദമുന്നയിച്ച് ഇരു വിഭാഗങ്ങളും രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയായി. പ്രശ്നം രൂക്ഷമായാൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. ജോസ് വിഭാഗം നിലവിൽ യു.ഡി.എഫിൽ ഇല്ലാത്ത സാഹചര്യത്തിൽ അവർ ഒറ്റയ്ക്കു മത്സരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ജോസഫിന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചാലും രണ്ടില ചിഹ്നം ലഭിക്കില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസഫ് നൽകാതിരുന്നതിനാൽ ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോം സ്വതന്ത്ര ചിഹ്നമായ കൈതച്ചക്കയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു . രണ്ടില ചിഹ്നം ലഭിച്ച ജോസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിക്കില്ലെന്നുറപ്പാണ്. രണ്ടില ചിഹ്നത്തിൽ കുട്ടനാട്ടിൽ മത്സരിക്കാൻ ജോസഫിനെ ജോസ് വിഭാഗം നേതാക്കൾ ഇന്നലെ വെല്ലുവിളിച്ചത് ഇതിന്റെ തെളിവാണ്. കേരളകോൺഗ്രസ് ജെ നേരത്തേ മാണി ഗ്രൂപ്പിൽ ലയിച്ചതിനാൽ കേരളകോൺഗ്രസ് എന്ന പേര് ഉപയോഗിക്കണമെങ്കിൽ ജോസഫിന് ഇനി പുതിയ പാർട്ടി രൂപീകരിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന സ്വതന്ത്ര ചിഹ്നം സ്വീകരിച്ചേ ജോസഫ് സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ കഴിയൂ.