കോട്ടയം: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച ശേഷമുള്ള നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ശേഷം കൂറുമാറ്റം നടത്തിയ ജനപ്രതിനിധികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളാണ് പ്രധാന അജൻഡ.
ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് അയോഗ്യരാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ജോസഫ് പക്ഷത്തു നിന്ന് മടങ്ങി വരാൻ തയാറാകാത്ത തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് നോട്ടിസ് അയയ്ക്കാനുള്ള തീരുമാനത്തിന് സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകും. മുന്നണി പ്രവേശനവും കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രവും ചർച്ച ചെയ്യും.
ഇടതുമുന്നണി പ്രവേശനത്തോടുള്ള താത്പര്യമാണ് ജില്ലാ കമ്മറ്റികളിൽ ഉണ്ടായത്. ഇടതുമായി രഹസ്യധാരണ ഉണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ പരമാവധി സീറ്റ് ഉറപ്പാക്കുക എന്ന തന്ത്രവും ആലോചിക്കുന്നു.
ജോസ് ചെയർമാൻ പദവി ഉപയോഗിക്കുന്നതിനെതിരെ ജോസഫ് തൊടുപുഴ കോടതിയിൽ നേരത്തേ ഹർജി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയോടെ ജോസ് സ്വയം ചെയർമാനായെന്ന് പ്രഖ്യാപിച്ചത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വീണ്ടും കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും.
കുട്ടനാട്ടിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥി
കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി മത്സരിക്കുമെന്ന് പി.ജെ. ജോസഫ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണി കൈകൾ കെട്ടപ്പെട്ട നേതാവാണ്. ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. വിപ്പ് ലംഘന പരാതിയിൽ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി കോടതി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസഫ് പറഞ്ഞു.
'കുട്ടനാട്ടിൽ രണ്ടില ചിഹ്നത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ജോസഫിന് ധൈര്യമുണ്ടോ? രണ്ടില ചിഹ്നം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജോസ് കെ.മാണിയാണ്. ജോസഫിന് ഏതെങ്കിലും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാം".
- എൻ.ജയരാജ് എം.എൽ.എ