പൊൻകുന്നം : ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ മന്ദിരം 9 ന് നാടിന് സമർപ്പിക്കുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ശിലാഫലകം അനാച്ഛാദനം ഡോ.എൻ.ജയരാജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂൾ ഹൈടെക് ആക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കിഫ്ബിയിൽ നിന്ന് 5 കോടിയും എം.എൽ.എ ആസ്തി വികസനഫണ്ടിൽ നിന്ന് 1 കോടി 80 ലക്ഷവുമാണ് പദ്ധതിക്കായി അനുവദിച്ചത്. 25000 ചതുരശ്ര അടിയിൽ 6 ക്ലാസ് മുറികൾ, ആധുനിക നിലവാരത്തിലുള്ള 5 സയൻസ് ലാബുകൾ, ഐ.ടി ലാബ്, ടോയിലെറ്റ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ്റ്റർ പ്ലാൻ പ്രകാരം ബാക്കിയുള്ള ഹൈസ്‌കൂൾ കെട്ടിടം, ഓഡിറ്റോറിയം എന്നിവയുടെ പണികൾ അന്തിമഘട്ടത്തിലാണ്. ഉദ്ഘാടന ചടങ്ങിൽ ആന്റോ ആന്റണി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ എം.അഞ്ജന, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശശികലാ നായർ എന്നിവർ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ.ഷൈലയും, പദ്ധതി വിശദീകരണം കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ.ജെ.പ്രസാദും നിർവഹിക്കും. എ.ആർ.സാഗർ, ബിന്ദു സന്തോഷ്, ഗിരീഷ് എസ് .നായർ, കെ.ജി.കണ്ണൻ, ലിസി ജോസഫ്, പി.വി.പ്രസീദ, രാമചന്ദ്രൻ നായർ, പി.ടി.ശശികല തുടങ്ങിയവർ പങ്കെടുക്കും.