പാലാ : കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9, 10, 11 വാർഡുകളായ വള്ളിച്ചിറ ഈസ്റ്റ്, സൗത്ത്, അല്ലപ്പാറ പ്രദേശങ്ങളിലാണ് രോഗബാധ വ്യാപിക്കുന്നത്. 10-ാം വാർഡിൽ മാത്രം 9 രോഗികളാണുള്ളത്. കഴിഞ്ഞ 31 ന് ഈ വാർഡിലുള്ള മദ്ധ്യവസ്‌കനാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിലുള്ള 3 ബന്ധുക്കൾക്കും രോഗം കണ്ടെത്തി. ഓണവുമായി ബന്ധപ്പെട്ട് വാർഡിലുള്ളവരും പുറത്തുനിന്നുള്ളവരും ഒത്തുകൂടിയിരുന്നു. വീട്ടുകാരുമായി സമ്പർക്കത്തിൽ വന്നതോടെ മേഖലയിലാകെ രോഗഭീതി ഉയർന്നിരിക്കുകയാണ്. സമ്പർക്കപട്ടികയിലുള്ള ഏതാനും കടകൾ അടപ്പിച്ചിട്ടുണ്ട്. ഇവിടെ അണുനശീകരണം നടത്തി പകർച്ച ഭീഷണി ഒഴിവാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഓമന അറിയിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും സംയുക്തമായി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വാർഡുകളെ കണ്ടെയ്ൻമെന്റ് സോണാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു.