vadavathoor

കോട്ടയം: വടവാതൂരിൽ മണ്ണെടുക്കാനെത്തിയ ലോറി സപ്ലൈക്കോ ഗോഡൗണിലേയ്‌ക്ക് മറിഞ്ഞതിനെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്‌ടം. ഗോഡൗണിലെ തേയില ഇരുന്ന ഭാഗത്തേയ്‌ക്കാണ് ടോറസ് മറിഞ്ഞത്. മണ്ണും കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങളും വീണ് തേയില പൂർണമായി നശിച്ചു.

ഇന്നലെ രാവിലെ ഏഴു മണിയോടെ വടവാതൂർ സെമിനാരി റോഡിലായിരുന്നു അപകടം. ഇവിടെ കുറച്ചു ദിവസങ്ങളായി മണ്ണെടുപ്പു നടക്കുന്നുണ്ട്. ഇന്നലെ രാവിലെ മണ്ണെടുത്ത് പോയ ടോറസ് കാറിനു സൈഡ് കൊടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് മറിയുകയായിരുന്നു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു.

ഗോഡൗണിന്റെ ഒരു ഭാഗം തകർന്നു. വീതി കുറഞ്ഞ റോഡിലൂടെ ഇത്തരം വാഹനങ്ങൾ പോകുന്നതാണ് ഇത്തരം അപകടങ്ങൾക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. ദിവസേന 200 ലോഡെങ്കിലും മണ്ണ് ഇവിടെ നിന്ന് കയറിപ്പോകുന്നുണ്ട്. വലിയ ഒരു കുന്നായിരുന്ന ഈ പ്രദേശം റോഡ് നിരപ്പോളമായി. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് സിസി ബോബി അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.