അടിമാലി:ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം വ്യാപകമാക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വയോഗം തീരുമാനിച്ചു.ആദ്യ ഘട്ടമായി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുൻപിൽ നാളെ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ ഉപവാസ സമരം ആരംഭിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും നടത്തുന്ന സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.സെപ്തംബർ 11 മുതൽ ഒരു ദിവസം രണ്ട് പഞ്ചായത്ത് കേന്ദ്രങ്ങളിൽ വീതം ഉപവാസ സമരം ആരംഭിക്കും.മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ നേതൃത്വം നൽകും. ഈ സമരം 25 ദിവസം നീണ്ടു നിൽക്കും. സെപ്തംബർ 22 ന് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 കേന്ദ്രങ്ങളിൽ 5 പേർ വീതം 1 മണിക്കൂർ പ്ലക്കാർഡുമായി നിൽപ്പു സമരം നടത്തും.
കഴിഞ്ഞ ഡിസംബർ 17 ലെ സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനം നടപ്പാക്കുന്നതിലേയ്ക്കായി സർക്കാർ ചെറുവിരൽ അനക്കിയില്ലെന്നും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഉദ്യോഗസ്ഥന്മാർ ഒരു വിലയും കല്പിച്ചിട്ടില്ലെന്ന് കല്ലാർ പറഞ്ഞു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനെപ്പറ്റി മന്ത്രി എം.എം.മണി മിണ്ടുന്നില്ല. മലയോരജനതയോട് പ്രതിബദ്ധതയുണ്ടങ്കിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.