covid

കോട്ടയം : ജില്ലയില്‍ 119 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് . ആകെ 1573 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 12 പേര്‍ ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേര്‍ വൈറസ് ബാധിതരായി. ഏറ്റുമാനൂര്‍-9, അയ്മനം, ചങ്ങനാശേരി-6 വീതം, എരുമേലി, കരൂര്‍, മീനടം, പാമ്പാടി, തലയാഴം-4 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 128 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1589 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4681 പേര്‍ രോഗബാധിതരായി. 3059 പേര്‍ രോഗമുക്തി നേടി.ജില്ലയില്‍ ആകെ 16289 പേര്‍ ക്വാറന്‍ന്റൈനില്‍ കഴിയുന്നുണ്ട്.

പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 11 പേർക്ക്

പാലാ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 50 പേരിൽ മാത്രം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രോഗസ്ഥിരീകരണം.

രണ്ട് ഇൻസ്‌പെക്ടർമാർ, രണ്ട് കണ്ടക്ടർമാർ,ആറ് ഡ്രൈവർമാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്ത് പാലാ ഡിപ്പോയിൽ ബാക്കിയുള്ള 300 ഓളം ജീവനക്കാരുടെ സ്രവം പരിശോധിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ വൈകിട്ട് ഫയർഫോഴ്‌സെത്തി സ്റ്റാന്റും പരിസരവും അണുവിമുക്തമാക്കാൻ നടപടി ആരംഭിച്ചു. ഇന്നും തുടരും.

ഇത്രയും പേർക്ക് രോഗം പിടിപെട്ടതോടെ മറ്റുജീവനക്കാരും ആശങ്കയിലായി. ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പലരും രോഗബാധിതരാണന്ന കാര്യം ആരോഗ്യവകുപ്പിനെയും കുഴയ്ക്കുന്നുണ്ട്. ഇവരുടെ സമ്പർക്കപട്ടിക വിപുലമാകാനും ഇടയുണ്ട്. പത്തിലധികം രോഗികൾ വന്നതിനാൽ പാലാ ഡിപ്പോ ക്‌ളസ്റ്ററായി പ്രഖ്യാപിക്കാനും ഇടയുണ്ട്.