കട്ടപ്പന: നഗരസഭയിലെ 34ാം വാർഡിൽപെട്ട വാഴവര കൗന്തിമുണ്ടക്കൽ പടിതേക്കനാൽ പടി റോഡിന്റെ നിർമാണം ഇനിയുമകലെ.പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡിനു ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും നിർമാണം നീളുകയാണ്. കൗന്തിപന്നിക്കണ്ടം റോഡിന്റെ ഭാഗമായ മുണ്ടക്കൽപ്പടി റോഡ് 20ൽപ്പരം കുടുംബങ്ങളുടെ ഏക ആശ്രയമാണ്. എട്ടുവർഷം മുമ്പ് നാട്ടുകാരുടെ സഹകരണത്തോടെ മൺപാതയിൽപണികൾ പൂർത്തീകരിച്ചിരുന്നു. തുടർന്ന് നഗരസഭ ഏറ്റെടുത്ത റോഡിന്റെ ചില ഭാഗങ്ങൾ മാത്രം കോൺക്രീറ്റ് ചെയ്തതല്ലാതെ തുടർ നിർമാണമുണ്ടായില്ല. ഉരുളൻകല്ലുകൾ നിറഞ്ഞ പാതയിൽ കാൽനടയാത്ര പോലും ദുഷ്‌കരമാണ്. വേനൽകാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിവിടം. ദൂരെസ്ഥലങ്ങളിൽ നിന്നു റോഡിലൂടെ കാൽനടയായി കുടിവെള്ളമെത്തിക്കാൻ പോലും ബുദ്ധിമുട്ടാണെന്നു നാട്ടുകാർ പറയുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ പ്രധാനപാത വരെ ചുമന്നുകൊണ്ടുപോകേണ്ട ഗതികേടാണ്. വേനൽക്കാലത്ത് നഗരസഭയിൽ നിന്നു കുടിവെള്ളവുമായി എത്തുന്ന വാഹനത്തിനു പോലും ഇവിടേയ്ക്ക് എത്തിച്ചേരാൻ കഴിയില്ല.
അധികൃതരുടെ അവഗണനക്കെതിരെ സി.പി.എം. പ്രാദേശിക നേതൃത്വം രംഗത്തെത്തി. അടിയന്തരമായി റോഡ് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.