suku

ചങ്ങനാശേരി:ഡെങ്കിപ്പനിയിൽ നിന്നും തുടങ്ങിയ രോഗങ്ങളാണ് സുകുവിന്റെ ജീവിതത്തിന്റെ ചുവടുകൾ തെറ്റിച്ചത്. മല്ലപ്പള്ളി ആനിക്കാട് വിലങ്ങ്പാറ വീട്ടിൽ വി.എൻ സുകുവിനെ (54) ജീവിതത്തിലേക്ക് മടക്കിയെത്തിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം.

ഹൃദയം,കരൾ, വൃക്ക എന്നിവയെ രോഗം ബാധിച്ചതോടെയാണ് സുകുവിന്റെ നിലഗുരുതരമായത്. ഹൃദയസ്തംഭനം ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകു ഏഴ് ദിവസം ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റേണ്ടി വന്നു. ഒന്നരമാസം പൂർണ്ണമായും ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞു. കൂടാതെ തൊണ്ടയിൽ ശസ്ത്രക്രിയയും വേണ്ടിവന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സുകുവിന്റെ കുടുംബത്തിന് സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പത്തര ലക്ഷം രൂപ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി വേണ്ടിവന്നു. പലരിൽ നിന്നും കടംവാങ്ങിയും ബന്ധുക്കളുടെ കാരുണ്യത്തിലുമാണ് ഇതുവരെ ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. നാലുമാസം കൂടെ ചികിത്സ തുടർന്നാൽ മാത്രമേ സുകുവിന് എഴുന്നേറ്റ് നടക്കാൻ സാധിക്കുകയുള്ളൂ. സ്വന്തമായി വീടില്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നും വീടിനായി അനുവദിച്ച തുകയും ചികിത്സയ്ക്കായി ചെലവഴിച്ചു. ഇതോടെ വീടിന്റെ നിർമ്മാണവും പാതിവഴിയിലായി. നിർമ്മാണം പാതിവഴിയിലായ വീട് ജപ്തി നടപടിയിലാണ്. കിടപ്പാടം ഇല്ലാത്തതിനാൽ ബന്ധുവീട്ടിലാണ് സുകുവും രണ്ട് കുട്ടികളും ഭാര്യ ഗീതയും കഴിയുന്നത്. ചികിത്സ മുടങ്ങുമെന്ന അവസ്ഥ വന്നതോടെയാണ് കുടുംബം സുമനസുകളുടെ സഹായം തേടുന്നത്. സഹായം എത്തിക്കാൻ ഭാര്യ ഗീതയുടെ പേരിൽ ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ:

പേര് : ഗീത സുകു

ബാങ്ക് : കാത്തലിക് സിറിയൻ ബാങ്ക്
ബ്രാഞ്ച് : പുന്നവേലി
അക്കൗണ്ട് നമ്പര്‍: 0170-03330556190701
ഐ.എഫ്.സി : CSBK0000170
ഫോണ്‍: 7902549760.