കട്ടപ്പന: ഇരട്ടയാറിലെ റേഷൻകട ഉടമ ഗുണഭോക്താക്കളോട് അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം. വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉടമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഓണക്കിറ്റ് വാങ്ങാനെത്തിയ വീട്ടമ്മയോട് ഉടമ മോശമായി പെരുമാറി. റേഷൻ സാധനങ്ങൾ വാങ്ങാത്തവർക്ക് ഓണക്കിറ്റ് നൽകാൻ കഴിയില്ലെന്നായിരുന്നു പ്രതികരണം. പിന്നീട് മകൻ എത്തിയപ്പോഴും ഇതേ നിലപാടായിരുന്നു. തുടർന്ന് വീട്ടമ്മ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെ വിവരമറിയിച്ചു. വിവരം തിരക്കാനെത്തിയ ഭാരവാഹികളെയും സഹകരണ ബാങ്ക് പ്രസിഡന്റിനെയും കടയുടമ അപമാനിച്ചതായി പറയുന്നു. സംഭവത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി കണ്ണമുണ്ടയിൽ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.