കോട്ടയം: ഇക്കൊല്ലവും കോട്ടയത്തെ പാടങ്ങളിൽ ആമ്പലുകൾ കണ്ണെത്താദൂരത്തോളം പൂത്തുലഞ്ഞു. പക്ഷേ, കഴിഞ്ഞ വർഷങ്ങളെ പോലെയല്ല. ഇത്തവണ ആമ്പൽസൗന്ദര്യം കാണാൻ ആളില്ല. കൊവിഡ് ആണ് ആമ്പലിനും പാരയായത്. രോഗവ്യാപനത്തെ തുടർന്ന് ഇവിടെ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. ഇടയ്ക്കിടെ പൊലീസ് പരിശോധനയുമുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ ആൾക്കൂട്ടം കണ്ട് ഏർപ്പാടാക്കിയ ആമ്പൽ ഫെസ്റ്റ് ഇതോടെ പൊളിഞ്ഞു.
പതിനായിരങ്ങളാണ് കഴിഞ്ഞവർഷങ്ങളിൽ ആമ്പൽ വസന്തം ആസ്വദിക്കാൻ എത്തിയിരുന്നത്. കൂടുതൽ ആളുകൾ എത്തിയതോടെ ടൂറിസം വകുപ്പ് ആമ്പൽഫെസ്റ്റ് ഏർപ്പാടാക്കി. ഇതോടെ ടൂറിസ്റ്റുകൾ കൂട്ടത്തോടെ പാടങ്ങളിലേക്ക് പ്രവഹിച്ചുതുടങ്ങി. മലരിക്കൽ, അമ്പാട്ട്കടവ്, തൃക്കോതമംഗലം, പാലക്കാലുങ്കൽ തുടങ്ങി ആമ്പൽ നിറഞ്ഞു നിന്നിരുന്ന പാടങ്ങളിൽ കൊതുമ്പുവള്ളങ്ങളും ഇറങ്ങി. കാണികൾക്ക് ആമ്പൽപൂക്കൾ പറിച്ചുകൊടുക്കുന്നതിനായിട്ടാണ് കൊതുമ്പുവള്ളങ്ങൾ ഇറക്കിയത്. സഞ്ചാരികളെ ആമ്പൽപൂക്കൾക്കിടിലൂടെ കൊണ്ടുപോയി ഫോട്ടോ എടുക്കാൻ അല്പം വലിയ വള്ളങ്ങളും പാടങ്ങളിലിറക്കിയിരുന്നു. ആളൊന്നിന് 25 രൂപ പ്രകാരമായിരുന്നു ഫീസ് വാങ്ങിയിരുന്നത്. ഇക്കൊല്ലം ഇതെല്ലാം നാട്ടുകാർക്ക് നഷ്ടമായി.
ആഗസ്റ്റ് മുതലാണ് സഞ്ചാരികൾ എത്തിയിരുന്നത്. ഒക്ടോബർ വരെയാണ് സഞ്ചാരികളുടെ ഒഴുക്ക്. വിരിഞ്ഞു നില്ക്കുന്ന ആമ്പൽ പാടങ്ങൾ കാണുന്നതിനായി കഴിഞ്ഞവർഷങ്ങളിൽ പുലർച്ചെ തന്നെ ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നു. കിഴക്കൻ മേഖലകളിൽ നിന്നാണ് ആളുകൾ കൂടുതലും എത്തിയിരുന്നത്. ബന്ധുവീടുകളിൽ തലേദിവസം തന്നെ എത്തിയാണ് മിക്കവരും ആമ്പൽവസന്തം കാണാൻ പോയിരുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ മലരിക്കൽ, എരമല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കും നിത്യസംഭവമായിരുന്നു. കല്യാണ വീഡിയോകൾ, ഫോട്ടോഷൂട്ടുകൾ, പരസ്യങ്ങൾ, ഷോർട്ട് ഫിലിം എന്നിവ ചെയ്യുന്നതിനായി ആമ്പൽ പാടം പുതിയ ലൊക്കേഷനായി മാറിയിരുന്നു. ഇത്തവണ ഇതെല്ലാം ഇല്ലാതായി. കല്യാണ ആൽബത്തിനായി നവവധൂവരന്മാരും ഫോട്ടോഗ്രാഫർമാരും മാത്രമാണ് ആമ്പൽ പൂത്തിടത്തേക്ക് ഇപ്പോൾ എത്തുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ആമ്പൽ ഫെസ്റ്റ് ഇ-ഫെസ്റ്റായി നടത്താൻ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പാടശേഖരങ്ങളിലെ ആമ്പൽ വസന്തോത്സവം ലോകമെമ്പാടും ഉള്ളവർക്കും കാണാൻ കഴിയുന്ന രീതിയിൽ ഓൺലൈൻ സംവിധാനത്തിലൂടെ സാധ്യമാക്കുമെന്നാണ് ടൂറിസം വകുപ്പ് അറിയിക്കുന്നത്.