പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണവും നിത്യസഹായമാതാവിന്റെ നൊവേനത്തിരുന്നാളും നാളെ സമാപിക്കും.
നാളെ രാവിലെ 5.30, 7, 9.30 ഉച്ചയ്ക്ക് 12, വൈകുന്നേരം 4 നും വിശുദ്ധ കുർബാനയും നൊവേനയും. രാവിലെ 06.30 മുതൽ 07.00 വരെ ദിവ്യകാരുണ്യ ആരാധന. പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 4 വരെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടക്കും. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 5ന് പാലാ രൂപതാധ്യഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ളാലം ഇടവക പുതിയതായി പണികഴിപ്പിച്ച ഇൻഫന്റ് ജീസസ് വിശ്വാസ പരിശീലന ഹാളിന്റെ വെഞ്ചരിപ്പും ആവേ മരിയ ആർക്കേഡിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. ഇടവക ഡയറക്ടറി പാലാ രൂപത വികാരി ജനറാൾ മോൺ.ജോസഫ് തടത്തിൽ ഏറ്റുവാങ്ങും.
ഇടവക വികാരി ഫാ. ജോൺസൺ പുള്ളീറ്റ്, സഹവികാരിമാരായ ഫാ. അഗസ്റ്റ്യൻ ഇഞ്ചകുഴിയിൽ, ഫാ. ജോസ് കുഴിഞ്ഞാലിൽ തുടങ്ങിയവർ തിരുനാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ തിരുക്കർമ്മങ്ങളും ദൈവാലയ പ്രവേശനവും കൊവിഡ് 19 ഗവ. നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുനാൾ തിരുക്കർമ്മങ്ങളുടെ ലൈവ് ടെലികാസ്റ്റ് ലിങ്ക് പാലാ ളാലം പഴയപള്ളി എന്ന ഫേയ്‌സ് ബുക്ക് പേജിൽ ലഭ്യമാണ്.