കട്ടപ്പന: കൊവിഡ് മാനദണ്ഡം മറികടന്ന് പേഴുംകണ്ടം സെന്റ് ജോസഫ് പള്ളിയിലെ കുർബാനകളിൽ ഒരേസമയം പങ്കെടുത്തത് നൂറിലധികം പേർ. കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും സംഘവുമാണ് വീഴ്ച കണ്ടെത്തിയത്. കൊവിഡ് വ്യാപനത്തിനു കാരണമാകുന്ന രീതിയിൽ ആളുകളെ പങ്കെടുപ്പിച്ച വികാരി, പള്ളി ഭാരവാഹികൾ എന്നിവർക്കെതിരെ കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകി. 10 വയസിൽ താഴെയുള്ള കുട്ടികൾ മുതൽ വയോധികരും ഗർഭിണികളും വരെയാണ് കുർബാനയിൽ പങ്കെടുത്തത്. എന്നാൽ രൂപത മെത്രാന്റെ നിർദേശമനുസരിച്ചാണ് ആളുകളെ പങ്കെടുപ്പിച്ചതെന്ന വിചിത്ര വാദമായിരുന്നു പള്ളി വികാരിയുടേത്.
പേഴുംകണ്ടം പള്ളിയിൽ നിയമം ലംഘിച്ച് മൂന്നു സമയങ്ങളിലായി കുർബാന നടത്താറുണ്ടെന്നും ഓൺലൈൻ സൺഡേ ക്ലാസിന്റെ വിലയിരുത്തലിനായി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ടെന്നും ആരോഗ്യ പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 10.40ഓടെ ആരോഗ്യ പ്രവർത്തകർ പള്ളിയിലെത്തിയപ്പോൾ 80ൽപ്പരം പേർ കുർബാനയിൽ പങ്കെടുക്കുകയായിരുന്നു. പള്ളി രജിസ്റ്ററിൽ 77 പേരുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. രാവിലെ ആറിന് 110 പേരും ശനിയാഴ്ചയിൽ 103 പേരും കുർബാനയിൽ പങ്കെടുത്തതായി രജിസ്റ്ററിലുണ്ട്. നൂറുപേരെ വരെ പങ്കെടുപ്പിക്കാമെന്നു മെത്രാൻ നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു പള്ളി വികാരി ഫാ. മാത്യു വെങ്ങല്ലൂർ പറഞ്ഞത്.