പാലാ: കണ്ണെത്തുന്നിടത്തെല്ലാം ഗർത്തങ്ങൾ. വലവൂർ ചക്കാമ്പുഴ ട്രിപ്പിൾ ഐ.റ്റി റോഡിൽ ദുരിതം വിതയ്ക്കാൻ മറ്റെന്തു വേണം.
ഗർത്തങ്ങൾ നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാൻ നന്നേ പാടുപെടും. ട്രിപ്പിൾ ഐടിയിലേക്കുൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസവും കടന്നുപോകുന്ന റോഡാണ് നാളുകളായി തകർന്നുകിടക്കുന്നത്.
പുലിയന്നൂർ മുതൽ ചക്കാമ്പുഴ വരെ റോഡ് വികസനത്തിനു കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി 17 കോടി രൂപ അനുവദിക്കുകയും നിർമാണോദ്ഘാടനം നടത്തുകയും ചെയ്തിട്ട് മാസങ്ങളേറെയായി. എന്നാൽ നിർമ്മാണജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല. നാല് കിലോ മീറ്ററുള്ള വലവൂർ മുതൽ ചക്കാമ്പുഴ വരെയുള്ള ഭാഗമെങ്കിലും ടാറിങ് നടത്തിയാൽ ഉഴവൂർ, രാമപുരം റൂട്ടുകളിൽ നിന്ന് ട്രിപ്പിൾ ഐടിയിലേക്കു എത്താൻ കഴിയും.
പലഭാഗങ്ങളിലും ടാറിംഗ് കാണാനേയില്ല.റോഡിന്റെ പല ഭാഗങ്ങളിലും മെറ്റലുകൾ ഇളകിത്തെറിച്ചു കിടക്കുകയാണ്. ഇതാടെ റോഡിലൂടെ കാൽനട യാത്ര പോലും വയ്യാത്ത സ്ഥിതിയാണ്. ഇളകിക്കിടക്കുന്ന മെറ്റലുകളിൽ തെറ്റി വീണ് കാൽനടക്കാർക്ക് പരുക്കേൽക്കുന്നത് പതിവായിട്ടുണ്ട്.
റോഡിലെ കുഴികളിൽ വീണ് ഒട്ടനവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ചെറുവാഹനങ്ങളാണ് ഇവയിൽ ഏറെയും!. മഴ ആരംഭിച്ചതോടെ അപകടങ്ങൾ വർദ്ധിച്ചു. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികൾ തിരിച്ചറിയാനാകാതെ അപകടത്തിൽപെടുന്നവരുടെ എണ്ണവും ഏറെയാണ്. ഇവിടെ വഴിവിളക്കുകളുമില്ല
രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും അപകടങ്ങളുടെ എണ്ണംകൂടാൻ ഇടയാക്കുന്നുണ്ട്. ഓടകൾ ശാസ്ത്രീയമായി നിർമിക്കാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ചും റോഡുകൾ തകരുന്നുണ്ട്.
റീടാർ പോലുമില്ല
വർഷങ്ങളായി റോഡ് റീടാർപോലും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനപ്രതിനിധികൾക്കും പൊതുമരാമത്ത് അധികൃതർക്കും ഒട്ടേറെ തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും യാതൊരുനടപടിയും ഉണ്ടായിട്ടില്ല. ട്രിപ്പിൾ ഐടിയുടെ പ്രാധാന്യം കണക്കിലെടുത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കമെന്ന് പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു. സിറിയക് ജയിംസ്, തോമസ് ഗുരുക്കൾ, രാധാകൃഷ്ണൻ പ്രശാന്തിയിൽ, ടി.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.